ഡൽഹി: 2024-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിക്കാൻ പാർട്ടി നേതാക്കളോട് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് താഴേതട്ടിൽ തൊട്ട് പ്രവർത്തനം തുടങ്ങണം. ജനങ്ങളുമായി വൈകാരിക ബന്ധം സ്ഥാപിച്ച് വീടുകൾ തോറും ക്യാമ്പെയ്ൻ നടത്തണമെന്നും എല്ലാ സംസ്ഥാനങ്ങളിലെയും പാർട്ടി നേതാക്കൾക്കും ബിജെപി അദ്ധ്യക്ഷൻ നിർദ്ദേശം നൽകി.
‘എല്ലാ സംസ്ഥാന ഘടകങ്ങളും 2024-ലെ ലോകസഭാ തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള പ്രവർത്തനം ആരംഭിക്കണം. പാർട്ടിയുടെ ആശയവും നയങ്ങളും ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിൽ ഒരു വിട്ടു വീഴ്ചയും പാടില്ല. ജനങ്ങളുടെ പ്രശ്നങ്ങൾ അവരോടൊപ്പം നിന്ന് ചർച്ച ചെയ്ത് മനസ്സിലാക്കണം. അവരുടെ ആശങ്കളും പ്രശ്നങ്ങളും പരിഹരിക്കാൻ സഹായിക്കണം’ എന്ന് നദ്ദ പറഞ്ഞു. 2023-ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുര, കർണാടക, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രവർത്തനവും ബിജെപി ദേശീയ അദ്ധ്യക്ഷൻ വിളിച്ചു ചേർത്ത യോഗത്തിൽ ചർച്ച ചെയ്തു.
2023-ലെ നിയമസഭാ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ഗഹനമായ ചർച്ചകളാണ് യോഗത്തിൽ നടന്നത്. ജനങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തി, എല്ലാം വീടുകളിലും സന്ദർശനം നടത്തണമെന്നുമാണ് നേതാക്കൾക്ക് ദ്വിദിന യോഗത്തിൽ ജെ.പി.നദ്ദ നൽകിയ പ്രധാന നിർദ്ദേശം. രാജ്യത്തിന്റെ ആഗോള നേട്ടങ്ങളെ കുറിച്ചും ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷതയെപ്പറ്റിയും ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം. മോദി സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികൾ വഴി 60 കോടിയിലധികം ജനങ്ങളുടെ ജീവിതനിലവാരം ഉയർന്നു എന്ന സത്യവും ജനങ്ങളിലേയ്ക്ക് എത്തിക്കണമെന്നും ജെ.പി.നദ്ദ പറഞ്ഞു.
Comments