പാലക്കാട് : സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന മലബാർ ബ്രാണ്ടി അടുത്ത ഓണത്തിന് വിപണിയിലെത്തും. ബ്രാണ്ടി ഉത്പാദനത്തിന് ആവശ്യമായ നിർമാണ നടപടികൾ ആരംഭിച്ചു. പാലക്കാട് മേനോൻപാറയിലുള്ള മലബാർ ഡിസ്റ്റിലറീസിലാണ് പുതിയ ബ്രാണ്ടി ഉത്പാദിപ്പിക്കുക.
സർക്കാർ പദ്ധതിക്കായി ചിറ്റൂർ മൂങ്കിൽമടയിൽ നിന്ന് വെള്ളമെത്തിക്കും. ഇതിന് വേണ്ടി വാട്ടർ അതോറിറ്റി പ്രത്യേക പൈപ്പ് ലൈൻ സ്ഥാപിക്കും. മദ്യം ഉത്പാദിപ്പിക്കാൻ തുടങ്ങുന്നതോടെ പ്രദേശത്തെ നിരവധി ആളുകൾക്ക് തൊഴിൽ ലഭിക്കുമെന്നാണ് അവകാശവാദം.
110 ഏക്കർ സ്ഥലത്ത് പ്രതിദിനം പതിമൂന്നായിരം കെയ്സ് മദ്യം ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി നാല് ഘട്ടങ്ങളിലുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കണം. കേരള പോലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിനാണ് നിർമ്മാണ ചുമതല. 70,000 ചതുരശ്ര അടി വിസ്തീർണമുളള കെട്ടിടം നവീകരിക്കാൻ ആറേകാൽ കോടി അനുവദിച്ചിട്ടുണ്ട്.
Comments