തിരുവനന്തപുരം: ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് പിന്നാലെ ബിയറിനും വൈനിനും ഞായറാഴ്ച മുതൽ വില കൂടും. ബോട്ടിലിന് പത്ത് രൂപയാണ് വർദ്ധിക്കുന്നത്. വിൽപന നികുതി വർദ്ധനയുടെ ഭാഗമായാണ് ബിയറിനും വൈനിനും വില കൂട്ടുന്നത്.
വിദേശ മദ്യങ്ങൾക്ക് പുതുക്കിയ വില ഈടാക്കി വിൽപന ആരംഭിച്ചു. 10 മുതൽ 20 രൂപ വരെ ബ്രാൻഡുകളുടെ അടിസ്ഥാനത്തിൽ മാറ്റം വന്നിട്ടുണ്ട്. ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമായിരുന്ന മദ്യമായ ജവാൻ മദ്യത്തിന് 10 രൂപ ഉയർന്ന് 610 രൂപയായി. എംഎച്ച് ബ്രാൻഡ് 1020 രൂപയിൽ നിന്ന് 1040 രൂപയുമായി. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ വിൽപ്പന നികുതിയിൽ നാല് ശതമാനം വർദ്ധന വരുത്തുന്ന നിയമഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിട്ടതിന് പിന്നാലെയാണ് വില വർദ്ധന പ്രാബല്യത്തിൽ വന്നത്.
മദ്യ കമ്പനികളിൽ നിന്ന് ഈടാക്കിയിരുന്ന വിൽപ്പന നികുതി സർക്കാർ ഒഴിവാക്കിയിരുന്നു. ഇതിൽ 195 കോടി രൂപയുടെ നഷ്ടമാണ് ബിവറേജസ് കോർപ്പറേഷനുണ്ടാകുക. ഇത് പരിഹരിക്കുന്നതിനാണ് വിൽപ്പന നികുതി വർദ്ധിപ്പിച്ചുകൊണ്ട് ബിൽ കൊണ്ടു വന്നത്. ഇതിലൂടെ 135 കോടിയുടെ നഷ്ടം പരിഹരിക്കുകയാണ് ലക്ഷ്യം.
Comments