തിരുവനന്തപുരം: 2022 ഫുട്‌ബോൾ ലോകകപ്പിൽ വിജയികളായ അർജന്റീനിയൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കരിയറിലെ ഏറ്റവും അമൂല്യമായ നേട്ടം കൈവരിച്ചാണ് വിശ്വ ഫുട്‌ബോളർ ലയണൽ മെസ്സി അർജന്റീനയെ വിജയത്തിലേക്ക് നയിച്ചതെന്ന് പിണറായി കുറിച്ചു. മത്സര ശേഷം ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രി അർജന്റീനയെ അഭിനന്ദിച്ചത്.
പിന്നിൽ നിന്നും തിരിച്ചു വന്നു പൊരുതിയ ഫ്രാൻസ് ഫൈനൽ മത്സരം ആവേശോജ്ജ്വലമാക്കിയെന്നും മുഖ്യമന്ത്രി കുറിച്ചു. അവസാന നിമിഷം വരെ ഉദ്വേഗജനകമായ മത്സരം ഖത്തർ ലോകകപ്പിനെ ഫിഫ ലോകകപ്പിലെ സമുജ്ജ്വലമായ അധ്യായമാക്കി മാറ്റി.
ഫുട്‌ബോൾ എന്ന മനോഹരമായ കളിയുടെ അതുല്യ ആവിഷ്‌കാരങ്ങളാണ് ഈ ടൂർണമെന്റിലുടനീളം കണ്ടത്. പങ്കെടുത്ത എല്ലാവർക്കും ആശംസകൾ. ഇനി അടുത്ത ലോകകപ്പിനായി നമ്മൾ ഫുട്‌ബോൾ പ്രേമികൾക്കു കാത്തിരിക്കാമെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
അവസാനം വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 ന് തോൽപിച്ചാണ് അർജന്റീന വിജയികളായത്. 90 മിനിറ്റിൽ രണ്ട് ഗോളുകൾ വീതം നേടി ഇരു ടീമുകളും തുല്യത പാലിച്ചതിനെ തുടർന്ന് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി. മൂന്നാം ഗോൾ അർജന്റീന നേടിയെങ്കിലും അവസാന നിമിഷം എംബാപ്പെ അത് മടക്കി വീണ്ടും സമനിലയിലെത്തിച്ചു. പിന്നീടാണ് ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.















