ജയ്പൂർ :രാജസ്ഥാനെതിരെ 394 റൺസ് വിജയ ലക്ഷ്യം മറികടക്കാൻ കേരളം പൊരുതുന്നു. കേരളം നിലവിൽ 4 വിക്കറ്റിന് 160 എന്ന നിലയിലാണ്. സഞ്ജു സാംസൺ(53), സച്ചിൻ ബേബി(15) എന്നിവരാണ് ക്രീസിൽ.
രണ്ടാമിന്നിംഗ്‌സിൽ ദീപക് ഹൂഡയുടെ(155) ബാറ്റിംഗ് മികവിൽ 363ന് 8 എന്ന നിലയിൽ രാജസ്ഥാൻ ഡിക്ലയർ ചെയ്യുകയായിരുന്നു. കേരളത്തിന് മുന്നിൽ 394 റൺസെന്ന മികച്ച ലക്ഷ്യമാണ് രാജസ്ഥാൻ വെച്ചത്. ആദ്യ ഇന്നിംഗ്‌സിൽ 306 റൺസിന് പുറത്തായ കേരളം അതിവേഗം റൺസ് നേടേണ്ട അവസ്ഥയിലാണ്.
രാഹുൽ(64)റൺസെടുത്ത് പുറത്തായ ശേഷം സഞ്ജുവും സച്ചിനും ഉറച്ചു നിന്നു പൊരുതുന്നതാണ് കേരളത്തിന് പ്രതീക്ഷ. ആദ്യ ഇന്നിംഗ്‌സിൽ സെഞ്ച്വറി നേടിയ സച്ചിൻബേബി മികച്ച ഫോമിലാണ് സഞ്ജുവിന് പിന്തുണ നൽകുന്നത്. വലിയ സ്‌കോർ പിന്തുടരാൻ ഏകദിന രീതിയിൽ കളിക്കാനിറങ്ങിയ കേരളത്തിന് രോഹൻ പ്രേം(0) ജലജ് സക്‌സേന(16) എന്നിവരെ തുടക്കത്തിലേ നഷ്ടമായത് വിനയായി. രാഹുൽ ഒരറ്റത്ത് ഉറച്ചു നിന്നപ്പോൾ ഷോൺ റോജർ(9) പുറത്തായത് മധ്യനിരയെ ദുർബലമാക്കി. എന്നാൽ സഞ്ജു എത്തിയതോടെ സ്‌കോർ 3ന് 49 ൽ നിന്ന് 138ലേയ്‌ക്ക് കയറുകയായിരുന്നു.















