തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസവും മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്‌ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഒക്ടോബര്‍ 10ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഒക്ടോബര്‍ 9, 10 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒക്ടോബര്‍ 8, 11 തീയതികളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നല്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ജീവഹാനി ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണം. കാര്‍മേഘം കണ്ടുതുടങ്ങുമ്പോള്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുന്നതാണ് ഉചിതം. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഒഴിവാക്കണം. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളപ്പോള്‍ ജനലുകളും വാതിലുകളും അടച്ചിടണം. ജനലിനും വാതിലിനും സമീപം നില്‍ക്കരുത്. വൈദ്യുതോപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കുകയും അവയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും വേണം.
ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ പ്രശ്‌നമില്ല. തുറസായ സ്ഥലങ്ങളിലും ടെറസുകളിലും കുട്ടികള്‍ ഉള്‍പ്പെടെ കളിക്കുന്നത് ഒഴിവാക്കണം. വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കുകയോ മരച്ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയോ ചെയ്യരുത്. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനുള്ളില്‍ തന്നെ തുടരുന്നതാണ് സുരക്ഷിതം. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയവയില്‍ യാത്ര ചെയ്യുന്നതും ഒഴിവാക്കണം.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
മഴക്കാറ് കാണുമ്പോള്‍ വസ്ത്രങ്ങള്‍ എടുക്കാന്‍ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്. കാറ്റില്‍ വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ സുരക്ഷിതമായി കെട്ടിവയ്‌ക്കണം. ഇടിമിന്നലുള്ള സമയത്ത് കുളിക്കുകയോ ടാപ്പില്‍ നിന്ന് വെള്ളം ശേഖരിക്കുകയോ ചെയ്യരുത്. ജലാശയങ്ങളില്‍ ഇറങ്ങുന്നതും മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഒഴിവാക്കണം. കാര്‍മേഘം കണ്ടുതുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം അവസാനിപ്പിച്ച് സുരക്ഷിതമായ കരയിലേക്ക് മാറണം. ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കുന്നതും ചൂണ്ടയിടുന്നതും വലയെറിയുന്നതും ഒഴിവാക്കണം. ഇടിമിന്നല്‍ സാധ്യതയുള്ള സമയത്ത് പട്ടം പറത്തുന്നതും ഒഴിവാക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.















