കൊല്ലം: ക്രിസ്തുമസ് ദിനത്തിൽ ക്ഷേത്രമുറ്റത്ത് നിന്നുള്ള വേറിട്ട കാഴ്ച വൈറലാകുന്നു. കരോൾ സംഘം ക്ഷേത്രമുറ്റത്ത് എത്തിയതോടെ പാൽപ്പായസം നൽകിയാണ് മേൽശാന്തി സ്വീകരണം നൽകിയത്. പത്തനാപുരം കുന്നിട സെന്റ് തോമസ് മാർത്തോമ ഇടവകയിൽ നിന്നുള്ളതായിരുന്നു കരോൾ സംഘം. പട്ടാഴി ചെളിക്കുഴി ചെറുകോണത്ത് കാവ് ശ്രീ രാജരാജേശ്വരി ദേവീ ക്ഷേത്രത്തിൽ സംഘമെത്തിയതോടെ മേൽശാന്തി വൻ സ്വീകരണം നൽകുകയായിരുന്നു.
മേൽശാന്തി മുരളീധരൻ ശർമ്മയും ക്ഷേത്ര ഭാരവാഹികളായ കണ്ണൻ, ശ്രീരാഗ് എന്നിവരും ചേർന്നാണ് കരോൾ സംഘത്തെ സ്വീകരിച്ചത്. ക്ഷേത്രത്തിലെ പ്രസാദമായ പാൽപ്പായസം സന്തോഷത്തോടെ കൈപ്പറ്റിയ കരോൾ സംഘം പാട്ടുകൾ പാടിയും ക്രിസ്തുമസ് ആശംസകൾ നേർന്നും അവിടെ നിന്നും പിരിഞ്ഞു. ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെ മേൽശാന്തിയും കരോൾ സംഘവും ഇപ്പോൾ വൈറലാണ്.
Comments