പണജി: മുതിര്‍ന്ന നടനും സംവിധായകനുമായ നാനാ പടേക്കര്‍ (75) അന്തരിച്ചു. ഗോവയിലെ വസതിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ 5.20ന് മരണം സ്ഥിരീകരിച്ചു. ഗുരുതരമായ കാര്‍ഡിയാക് അറസ്റ്റിനെ തുടര്‍ന്ന് 45 മിനിറ്റോളം ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
1978ല്‍ പുറത്തിറങ്ങിയ ‘ഗമന്‍’ എന്ന ചിത്രത്തിലൂടെയാണ് നാനാ പടേക്കര്‍ സിനിമയിലെത്തിയത്. പിന്നീട് ഹിന്ദി, മറാത്തി സിനിമകളില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി. ‘പരിന്ദ’, ‘ക്രാന്തിവീര്‍’, ‘അഗ്‌നിസാക്ഷി’, ‘അബ് തക് ഛപ്പന്‍’, ‘വെല്‍ക്കം’ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം അദ്ദേഹത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്തു. പ്രത്യേകിച്ച് ‘വെല്‍ക്കം’ സിനിമയിലെ ഉദയ് ഷെട്ടി എന്ന കഥാപാത്രം പുതിയ തലമുറയിലും അദ്ദേഹത്തെ ഏറെ ജനപ്രിയനാക്കി.
‘പരിന്ദ’യിലെ അഭിനയത്തിന് 1989ല്‍ മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടി. ‘ക്രാന്തിവീര്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ‘അഗ്‌നിസാക്ഷി’യിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. ഇന്ത്യന്‍ സിനിമയ്‌ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2013ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു. അഭിനയത്തിന് പുറമെ സംവിധായകനായും നാനാ പടേക്കര്‍ ശ്രദ്ധേയനായിരുന്നു. സൈനികരുടെ ജീവിതവും പോരാട്ടവും പ്രമേയമാക്കിയ ‘പ്രഹാര്‍: ദി ഫൈനല്‍ അറ്റാക്ക്’ അദ്ദേഹം സംവിധാനം ചെയ്തു. ചിത്രത്തിനായി മറാത്ത ലൈറ്റ് ഇന്‍ഫന്‍ട്രിയില്‍ നിന്ന് സൈനിക പരിശീലനവും നേടിയിരുന്നു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ഇന്ത്യന്‍ സൈന്യവുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും ശ്രദ്ധ നേടിയിരുന്നു. 1999ലെ കാര്‍ഗില്‍ യുദ്ധകാലത്ത് സൈനികര്‍ക്കൊപ്പം സമയം ചെലവഴിക്കുകയും വിവിധ പോസ്റ്റുകള്‍ സന്ദര്‍ശിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. സൈനികരോടുള്ള ആദരവും രാജ്യസേവനത്തോടുള്ള പ്രതിബദ്ധതയും നിരവധി അഭിമുഖങ്ങളിലും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നാനാ പടേക്കറുടെ വിയോഗത്തോടെ ഇന്ത്യന്‍ സിനിമയ്‌ക്ക് ശ്രദ്ധേയമായൊരു അഭിനയ പ്രതിഭയെയാണ് നഷ്ടമായത്.















