പത്തനംതിട്ട: സമയബന്ധിതമായി നടപ്പാക്കാൻ കഴിയുന്ന ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികൾ ശബരിമലയിൽ ആസൂത്രണം ചെയ്യണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേന്ദ്രസർക്കാർ ശബരിമലയ്ക്ക് അനുവദിച്ച 100 കോടി രൂപ സംസ്ഥാനം വിനിയോഗിക്കണമെന്നും, ഭക്തർക്ക് ഒരുക്കുന്ന സൗകര്യങ്ങൾ പരിമിതമാണെന്നും വി.മുരളീധരൻ പറഞ്ഞു. ശബരിമല ദർശനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
‘ശബരിമലയുടെ വികസനത്തിനായി ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികളാണ് നടപ്പാക്കേണ്ടത്. പന്തളം, എരുമേലി അടക്കമുള്ള അനുബന്ധ സ്ഥലങ്ങളിൽ സൗകര്യങ്ങൾ വർദ്ധിപ്പിച്ചാൽ ഇപ്പോൾ വരുന്നതിലും ഇരട്ടി തീർത്ഥാടകർ ശബരിമലയിലേയ്ക്ക് എത്തും. ഇത്തരം കാര്യങ്ങൾ സംസ്ഥാന സർക്കാർ ശ്രദ്ധിക്കണം’.
‘നിലയ്ക്കലിലെ ബേസ് ക്യാമ്പ് ശാസ്ത്രീയമായി വികസപ്പിക്കണം. ദേശീയതലത്തിലുള്ള തീർത്ഥാടന കേന്ദ്രങ്ങളുടെ വികസനത്തിന് വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമായി 100 കോടി രൂപയാണ് കേന്ദ്രസർക്കാർ ശബരിമലയ്ക്ക് നൽകിയിട്ടുള്ളത്. നിർഭാഗ്യവശാൽ കേന്ദ്രം നൽകിയ നൂറ് കോടിയിൽ നിന്നും കേവലം 20 കോടി രൂപ മാത്രമാണ് സംസ്ഥാന സർക്കാർ വിനിയോഗിച്ചത്. സർക്കാരിന്റെ കൈവശമുള്ള പണം ചിലവഴിക്കാതെ പുതുതായി കൊണ്ടുവരുന്ന ഒരു പദ്ധതിക്കും പണം അനുവദിക്കാൻ കേന്ദ്രസർക്കാരിന് നിയമപരമായി സാധിക്കില്ല. ഇപ്പോൾ നൽകിയിട്ടുള്ള പണം സംസ്ഥാന സർക്കാർ കൃത്യമായി വിനിയോഗിക്കാൻ തയ്യാറാകണം’ എന്ന് വി.മുരളീധരൻ പറഞ്ഞു.
Comments