തൃശൂർ: ശ്രീകൃഷ്ണ ഭക്തയും ചിത്രകാരിയുമായ ജസ്നയെ അറിയാത്ത മലയാളികൾ കുറവാണ്. ബാപ്പ മജീദും ഉമ്മ സോഫിയയുമടക്കമുള്ളവർ കണ്ണാ എന്നു വിളിച്ചു ലാളിച്ച ജസ്ന അവസാനം കണ്ണന്റെ ഭക്തയായി മാറി. ജസ്ന വരച്ചുകൂട്ടിയതാകട്ടെ വെണ്ണക്കണ്ണന്റെ തൊള്ളായിരത്തോളം വർണ്ണ ചിത്രങ്ങളും. അതിലെ 101 ചിത്രങ്ങൾ ഇപ്പോൾ ഗുരുവായൂരപ്പന് സമർപ്പിച്ചിരിക്കുകയാണ് ജസ്ന. ചിത്രങ്ങൾ ദേവസ്വം അധികൃതർ ഏറ്റുവാങ്ങിയപ്പോൾ, സഫലമാകുന്നത് മുപ്പതുകാരിയുടെ ജീവിതാഭിലാഷമാണ്.
കിഴക്കേ നടയിൽ വരിവരിയായി നിരത്തിയ കൃഷ്ണ ചിത്രങ്ങൾ ഭക്തരിൽ അതിശയം സൃഷ്ടിച്ചു. പുതുവർഷത്തിൽ ആദ്യമായാണ് ജസ്ന കൃഷ്ണ ചിത്രങ്ങൾ ഗുരുവായൂരിൽ സമർപ്പിക്കുന്നത്. എല്ലാ വർഷവും വിഷുവിനും ശ്രീകൃഷ്ണ ജയന്തിക്കും കൃഷ്ണ ചിത്രങ്ങൾ താൻ ഗുരുവായൂരിൽ സമർപ്പിക്കാറുണ്ടെന്ന് ജസ്ന ജനം ടീവിയോട് പറഞ്ഞു. എന്നാൽ, പുതു വർഷത്തിൽ ചിത്രം സമർപ്പിക്കാൻ ഒരു കാരണമുണ്ട്. ഈ ദിനം മുതൽ ഇനി എത്ര കൊല്ലമാണോ താൻ ജീവിച്ചിരിക്കുന്നത്, അത്രയും നാൾ കണ്ണന്റെ പേരിൽ അറിയപ്പെടണമെന്നാണ് ആഗ്രഹമെന്നും ജസ്ന തുറന്നു പറഞ്ഞു.
വീഡിയോ കാണാം, ക്ലിക്ക് ചെയ്യുക
നാല് മാസം കൊണ്ടാണ് ജസ്ന 101 ചിത്രങ്ങൾ വരച്ചെടുത്തത്. ഒരാൾ പൊക്കത്തിലുള്ള ചിത്രങ്ങൾക്കുൾപ്പടെ നാലു ലക്ഷം രൂപയാണ് മുഴുവൻ ചിലവ്. ഇതിനായി പലരും ജസ്നയെ സഹായിച്ചു. ജസ്നയുടെ സ്വപ്നത്തിന് ഭർത്താവ് പിന്തുണച്ചെങ്കിലും ബന്ധുക്കളിലും സമുദായത്തിലുമുള്ള ചിലർ എതിരായിരുന്നു. എന്നാൽ, സമുദായത്തിലുള്ള മറ്റുചിലർ ആഗ്രഹം സഫലമാക്കാൻ ധനസഹായവും നൽകി. പ്രമുഖ വ്യവസായിയും ചലച്ചിത്ര നിർമ്മാതാവുമായ ഗോകുലം ഗോപാലനും ജസ്നയെ സാമ്പത്തികമായി സഹായിച്ചു.
Comments