ദിസ്പൂർ: വംശനാശഭീഷണി നേരിടുന്നവയാണ് കാണ്ടാമൃഗങ്ങൾ. അവയുടെ കട്ടിയുള്ള തോലിനും കൊമ്പിനും വേണ്ടി അസമിൽ വലിയ തരത്തിൽ വേട്ട നടക്കുന്നുണ്ട്. എന്നാൽ, 2022-ൽ അസമിൽ ഒരു കാണ്ടാമൃഗം പോലും വേട്ടയാടപ്പെട്ടിട്ടില്ല എന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. കഴിഞ്ഞ 45 വർഷത്തിനിടെ ആദ്യമായാണ് കാണ്ടാമൃഗം വേട്ടയാടപ്പെടാത്തത്. കാസിരംഗ, മനസ്, ഒറാങ് ദേശീയ ഉദ്യാനങ്ങൾ, പോബിതോറ വന്യജീവി സങ്കേതം എന്നിവിടങ്ങളിൽ കാണ്ടാമൃഗങ്ങൾ കൊല്ലപ്പെട്ടിട്ടില്ല എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
2000 നും 2021 നും ഇടയിൽ അസമിൽ 191 കാണ്ടാമൃഗങ്ങളെ വേട്ടയാടി. 2020 ലും 2021ലും രണ്ട് കാണ്ടാമൃഗങ്ങൾ വീതമാണ് കൊല്ലപ്പെട്ടത്. 2022-ന് മുമ്പ് 1977-ലാണ് ഒരു കാണ്ടാമൃഗം പോലും വേട്ടയാടപ്പെട്ടിട്ടില്ല എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2022-ൽ ഒരു വേട്ട പോലും നടക്കാത്തതിന് പ്രധാന കാരണം സംസ്ഥാനത്തെ വനം-പോലീസ് വകുപ്പുകളുടെ ആത്മാർത്ഥയും യോജിപ്പുമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. 2021 മെയ് മാസത്തിൽ ഹിമന്ത ബിശ്വ ശർമ്മ അധികാരമേറ്റപ്പോൾ, കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നതിനെതിരെ ശക്തമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നും പോലീസ് സ്പെഷ്യൽ ഡയറക്ടർ ജനറൽ ജിപി സിംഗ് പറഞ്ഞു.
2021 ജൂണിൽ ജിപി സിംഗ് തലവനായി കൊണ്ട് ഒരു പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ എം.കെ യാദവ ഉൾപ്പെടെ 22 മുതിർന്ന പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ഈ ഗ്രൂപ്പിലുള്ളത്. വേട്ടയാടൽ ഉൾപ്പെടെയുള്ള വന്യജീവികൾക്കെതിരായ കടന്നു കയറ്റങ്ങളും അക്രമങ്ങളും നേരിടാൻ വനം, പോലീസ് വകുപ്പുകൾ നേരത്തെ സ്വതന്ത്രമായി പ്രവർത്തിച്ചിരുന്നു. എന്നാൽ വേട്ടക്കാർക്കെതിരെയുള്ള യോജിച്ച പോരാട്ടത്തിനായാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്.















