ന്യൂഡൽഹി: ഭാരതം എന്നും യുദ്ധത്തിന് എതിരാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഒരു രാജ്യത്തിനെതിരെയും ഭാരതം യുദ്ധം ആരംഭിച്ചിട്ടില്ലന്നും ഒരിഞ്ച് ഭൂമി പോലും പിടിച്ചെടുത്തിട്ടില്ലന്നും എന്നാൽ എത് വെല്ലുവിളിയേയും നേരിടാൻ നമ്മുടെ സായുധ സേന എപ്പോഴും സജ്ജമാണെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേർത്തു.
ഭാരതം എന്നും യുദ്ധത്തിന് എതിരാണ്. ഒരു രാജ്യത്തിനെതിരെയും ഭാരതം യുദ്ധം ആരംഭിച്ചിട്ടില്ല, ആരുടെയും ഒരിഞ്ചു ഭൂമി പോലും പിടിച്ചെടുത്തിട്ടില്ല. എന്നാൽ ഇത് ഭാരതത്തിന്റെ ശക്തി കുറവായി കാണേണ്ടതില്ലന്നും ഏത് വെല്ലുവിളിയേയും നേരിടാൻ നമ്മുടെ സായുധ സേന എപ്പോഴും സജ്ജമാണെന്നുമായിരുന്നു കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ പരാമർശം. അരുണാചൽ പ്രദേശിലെ സിയാങ്ങിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിനിടെ കശ്മീരിലെ രജൗരിയിൽ ഭീകരർ നടത്തിയ വെടിവെയ്പ്പിലും ഐഇഡി ആക്രമണത്തിലും ദേശീയ അന്വേഷണ ഏജൻസി അന്വേഷണം ആരംഭിച്ചു. രജൗരിയിൽ ആക്രമണം നടന്ന സ്ഥലം എൻഐഎ ഉദ്യോഗസ്ഥർ സന്ദർശിച്ച് പരിശോധന നടത്തി. എൻഐഎ കൂടാതെ സൈന്യവും ജമ്മു കശ്മീർ പോലീസും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.
Comments