ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവൽ ബോൺ. പ്രതിരോധം, സുരക്ഷ, സംസ്കാരം തുടങ്ങിയ വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തി. കൂടിക്കാഴ്ചയിൽ ഇന്ത്യ സന്ദർശിക്കുന്നതിനായി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ നരേന്ദ്രമോദി ക്ഷണിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ബോൺ കൂടിക്കാഴ്ച നടത്തി.
നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമത്തിലും തന്ത്രപരമായ സ്വയംഭരണത്തിലുമുള്ള പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കി ഇന്തോ-പസഫിക്കിൽ സമാധാനവും സ്ഥിരതയും സുരക്ഷയും ഉറപ്പാക്കുന്നതിന് തങ്ങളുടെ തയന്ത്രപരമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രതിജ്ഞാബദ്ധത ഇന്ത്യയും ഫ്രാൻസും ആവർത്തിച്ചു. ഇന്ത്യയുടെ അഭിമാന പദ്ധതികളായ മേക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് എന്നിവയ്ക്ക് അനുസൃതമായി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ഫ്രാൻസിന്റെ സഹകരണം ഉണ്ടാകുമെന്ന് യോഗത്തിൽ ഇമ്മാനുവൽ ബോൺ പറഞ്ഞു.
അഫ്ഗാനിസ്ഥാൻ, ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, യുറേഷ്യ എന്നിവിടങ്ങളിലെ സ്ഥിതിഗതികളെക്കുറിച്ചും നരേന്ദ്രമോദിയും ബോണും ചർച്ച ചെയ്തു. മൂന്നാം രാജ്യ സഹകരണം, ഇൻഡോ-പസഫിക്, ആണവോർജം, ബഹിരാകാശം, സൈബർ ഡൊമെയ്നുകൾ എന്നിവയിലെ സഹകരണവും ചർച്ചയായി. തെക്ക് പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്ര മേഖലയിലും ഇന്തോ-പസഫിക്കിലും ഉൾപ്പെടെ ഉഭയകക്ഷി പ്രതിരോധ, സുരക്ഷാ സഹകരണം ശക്തിപ്പെടുത്താനും നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകളിൽ പുതിയ സംരംഭങ്ങൾ പിന്തുടരാനും ഇരുപക്ഷവും സമ്മതിച്ചു.
Comments