തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോമിന്റെ പ്രതിമാസ ശമ്പളം ഇരട്ടിയാക്കിയതിനെ വിമർശിച്ച് നടൻ ജോയ് മാത്യു രംഗത്തു വന്നിരുന്നു. ‘ഗ്രേസ് മാർക്കിന് വേണ്ടിയും ഗ്രേഡുകൾക്ക് വേണ്ടിയും ധന-സമയ-ഊർജ്ജങ്ങൾ നഷ്ടപ്പെടുത്തുന്ന കുട്ടികൾ യുവജനകമ്മീഷൻ പദവി ലക്ഷ്യം വെയ്ക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ. പ്രാണരക്ഷാർഥം വിദേശത്തേക്ക് മണ്ടുന്ന കുട്ടികളും ഇത് ഓർമയിൽ വെക്കുന്നത് നല്ലതാണ്’ എന്നായിരുന്നു പരിഹാസ രൂപേണ ജോയ് മാത്യു ഫേയ്സ്ബുക്കിൽ കുറിച്ചത്. ഇപ്പോഴിതാ, വീണ്ടും വിമർശനവുമായി രംഗത്തു വന്നിരിക്കുകയാണ് നടൻ.
വിവാദങ്ങൾക്ക് പിന്നാലെ വിശദീകരണവുമായി ചിന്താ ജെറോം മാദ്ധ്യമങ്ങൾക്ക് മുന്നിൽ എത്തിയിരുന്നു. ശമ്പള വർദ്ധനവും കുടിശ്ശികയും താൻ ആവശ്യപ്പെട്ടിട്ടില്ല എന്നാണ് ചിന്താ ജെറോമിന്റെ ന്യായീകരണം. എന്നാൽ ചിന്തയുടെ അപേക്ഷയിലാണ് ധനം വകുപ്പിന്റെ നടപടികളെന്ന് വ്യക്തമാണ്. ഇപ്പോഴിതാ, എന്തിനാണ് ഇങ്ങനെയൊരു കമ്മീഷൻ എന്ന് ചോദിക്കുകയാണ് നടൻ ജോയ് മാത്യു. അടുത്ത പിഎസ്സി പരീക്ഷക്ക് ചോദിക്കാൻ സാധ്യതയുള്ള 10 ചോദ്യങ്ങൾ എന്ന പറഞ്ഞു കൊണ്ട് അക്കമിട്ട് സംസ്ഥാന യുവജന കമ്മീഷനെ നടൻ വിമർശിക്കുന്നു.
ജോയ് മാത്യുവിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്,
പരീക്ഷാ സഹായി
——————–
അടുത്ത പി എസ് സി പരീക്ഷക്ക് ചോദിക്കാനിടയുള്ള 10 ചോദ്യങ്ങൾ
1.കേരളത്തിലെ യുവജന കമ്മീഷൻ ആരംഭിച്ച വര്ഷം ?
2.യു.കമ്മീഷന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ എന്തൊക്കെ ?
3.യു.കമ്മീഷന്റെ ആദ്യത്തെ കസേരക്കാരൻ /കാരി (ചെയർ പേഴ്സൺ )ആരാണ് ?
4.ഇപ്പോഴത്തെ കസേരക്കാരൻ /കാരി ആരാണ് ?
5.യു കമ്മീഷന്റെ കസേരക്കാരൻ /കാരിയുടെ ശമ്പളം എത്ര ?
6. യു കമ്മീഷന്റെ കസേരക്കാരൻ /കാരിക്ക് ചട്ടപ്പടി എത്ര ശമ്പളത്തിന് അർഹതയുണ്ട് ?
7.യു .കമ്മീഷൻ കസേരക്കാരന് /കാരിക്ക് ലഭിക്കുന്ന മറ്റു ആനുകൂല്യങ്ങൾ എന്തൊക്കെയാണ് ?
8.എന്താണ് യു.കമ്മീഷന്റെ യഥാർത്ഥ ജോലി ?
9. യു.കമ്മീഷൻ ഇടപെട്ട് പരിഹരിച്ച യുവജന പ്രശ്നങ്ങൾ ഏതൊക്കെ ?
10.യു .കമ്മീഷന്റെ കസേര കൈക്കലാക്കാൻ വേണ്ട യോഗ്യതകൾ എന്തെല്ലാം ?
(ശാസ്ത്രീയമായി ജോലി ചെയ്ത് പിരിഞ്ഞ ഡോക്ടർമാർക്കും ഉത്തരമെഴുതി അയക്കാം. ശരിയുത്തരം അയക്കുന്നവർക്ക് പിഎസ്സി പരീക്ഷാസഹായി കൈപ്പുസ്തകം സമ്മാനം.
Comments