ശ്രീനഗർ: യുവാക്കളാണ് മാറ്റത്തിന്റെ ഏറ്റവും ശക്തമായ ചാലകമെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. സമൂഹത്തിന്റെ സമത്വ വികസനത്തിലും പരിവർത്തനത്തിലും യുവ ജനങ്ങൾ നിർണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സംഗീത നാടക അക്കാദമി സംഘടിപ്പിച്ച സാംസ്കാരികോത്സവമായ ‘അമൃത് യുവ കലോത്സവം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാജ്യത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ ഐക്യം ശക്തിപ്പെടുത്തി ശക്തവും സ്വാശ്രയവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ഏറ്റവും നല്ല സമയമാണ് സ്വതന്ത്ര്യത്തിന്റെ അമൃത കാലം. ഈ ലക്ഷ്യം കൈവരിക്കുന്നതിനും മനുഷ്യരാശിയുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമുള്ള ഉത്തരവാദിത്വം യുവാക്കളുടെ ചുമലിലാണ്. കലയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും വേരുകളിലേക്ക് യുവതലമുറയെ അടുപ്പിക്കേണ്ടതുണ്ട്. ‘അമൃത് യുവ കലോത്സവം’ ഭാരതത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിലേക്ക് നോക്കാനുള്ള അവസരം കൂടിയാണ്’.
‘ശാസ്ത്രത്തിനും കലയ്‌ക്കും ആത്മീയതയ്‌ക്കും ഒരുപോലെ വളരാനും പൂത്തുലയാനും സന്തുലിതമായ അന്തരീക്ഷം സൃഷ്ടിച്ച ലോകത്തിലെ ഏക രാജ്യമാണ് ഇന്ത്യ. കല നമ്മുടെ പാരമ്പര്യത്തിന്റെ ജീവനുള്ള ഘടകമാണ്. അതിന്റെ വ്യത്യസ്ത രൂപങ്ങൾ ഒരു സ്വാശ്രയ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കും. ഇന്ത്യയുടെ മഹത്വം ലോക വേദിയിൽ എത്തിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാറ്റത്തിനുള്ള ഏറ്റവും ശക്തമായ ചാലകശക്തി യുവാക്കളാണ്. സമൂഹത്തിന്റെ സമത്വ വികസനത്തിലും പരിവർത്തനത്തിലും അവർ നിർണായക പങ്ക് വഹിക്കും. ശാസ്ത്രം വികസനത്തിനായുള്ള അന്വേഷണമാണ്, കല ആ വികാസത്തിന്റെ പ്രകടനവും. നൂറ്റാണ്ടുകളായി, വ്യത്യസ്ത കലാരൂപങ്ങൾ സമൂഹത്തിന്റെ അവബോധത്തെ ഉണർത്തുകയും ജ്വലിപ്പിക്കുകയും ചെയ്യുന്നു’ എന്നും ലഫ്റ്റനന്റ് ഗവർണർ പറഞ്ഞു.















