പുത്തൻ ടൊയോട്ട ലാൻഡ് ക്രൂസർ 300 ഇന്ത്യൻ വിപണിയിലേയ്ക്ക്. രാജ്യാന്തര തലത്തിൽ അരങ്ങേറി ഏറെക്കാലത്തിനുശേഷമാണ് വാഹനം ഇപ്പോൾ ഇന്ത്യയിലേയ്ക്ക് എത്താൻ പോകുന്നത്. ലാൻഡ് ക്രൂസർ 300 മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ചിരുന്നുവെങ്കിലും മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നില്ല. ഇപ്പോഴിതാ, ഡൽഹിയിൽ നടക്കുന്ന ഓട്ടോ എക്സ്പോ 2023-ലാണ് എസ്യുവി രാജാവിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
പേൾ വൈറ്റ്, സൂപ്പർ വൈറ്റ്, ഡാർക്ക് റെഡ് മൈക്ക മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക്, ഡാർക്ക് ബ്ലൂ മൈക്ക എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിൽ എത്തുന്ന ലാൻഡ് ക്രൂസർ 300-ന്റെ എക്സ് ഷോറൂം വില 2.17 കോടി രൂപയാണ്. മൂന്ന് വ്യത്യസ്ത ഇന്റീരിയർ നിറങ്ങളും കമ്പനി വാഹനത്തിന് നൽകുന്നുണ്ട്. അന്താരാഷ്ട്ര വിപണികളിൽ ലാൻഡ് ക്രൂസർ 300 രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ലഭ്യമാവുന്നത്. 3.5 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് V6 പെട്രോളും 3.3 ലിറ്റർ V6 ടർബോ ഡീസൽ എഞ്ചിനും.
എന്നാൽ, ഇന്ത്യയിൽ ഒറ്റ എഞ്ചിൻ ഓപ്ഷനിലാണ് വാഹനം ലഭിക്കുക. 3.3 ലിറ്റർ V6 ടർബോ ഡീസൽ എഞ്ചിനാണ് ഇന്ത്യൻ വിപണി കീഴടക്കാൻ എത്തുന്നത്. 3.3 ലിറ്റർ V6 ടർബോ ഡീസൽ എഞ്ചിൻ 309 ബിഎച്ച്പി കരുത്തും 700 എംഎം ടോർക്കും ഉത്പ്പാദിപ്പിക്കും. 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് വാഹനത്തിന്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സംവിധാനമുള്ള 12.3 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ജെബിഎൽ സൗണ്ട് സിസ്റ്റം, എൽഇഡി ഹെഡ്ലൈറ്റുകൾ, മൾട്ടിപ്പിൾ ഡ്രൈവ് മോഡുകൾ എന്നിവ വാഹനത്തിന് ടൊയോട്ട നൽകിയിരിക്കുന്നു.
Comments