എറണാകുളം: നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറി വിദ്യാർത്ഥി. എറണാകുളം ലോ കോളജ് യൂണിയൻ ഉദ്ഘാടന വേദിയിൽ വച്ചാണ് നടിയോട് വിദ്യാർത്ഥി മോശമായി പെരുമാറിയത്. ഇയാൾ അപർണയുടെ കയ്യിൽ ബലമായി പിടിച്ചു വലിക്കുകയും തോളിൽ പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. കയ്യിൽ ബലമായി പിടിച്ച വിദ്യാർത്ഥിയോട് അപർണ അനിഷ്ടം പ്രകടിപ്പിച്ചു. ഇതിന്റെ വിഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
യൂണിയൻ ഉദ്ഘാടനത്തോടൊപ്പം തങ്കം സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൂടിയാണ് അപർണ ലോ കോളേജിൽ എത്തിയത്. നടൻ വിനീത് ശ്രീനിവാസൻ, സംഗീത സംവിധായകൻ ബിജിപാൽ എന്നിവരും നടിക്ക് ഒപ്പം വേദിയിൽ ഉണ്ടായിരുന്നു. അപർണയെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി പൂവ് നൽകാനായി വേദിയിൽ എത്തിയ വിദ്യാർത്ഥിയാണ് നടിയുടെ തോളിൽ കയ്യിട്ടത്.
യുവാവ് തോളിൽ കയ്യിടാൻ ഒരുങ്ങിയപ്പോൾ അപർണ വെട്ടിച്ച് മാറി. ‘എന്താടോ ഇത് ലോ കോളജ് അല്ലേ’ എന്ന് നടി ചോദിക്കുന്നുമുണ്ട്. ശേഷം സംഘാടകരിൽ ഒരാളായ വിദ്യാർത്ഥി അപർണയോട് മാപ്പ് ചോദിച്ചു. പിന്നാലെ, വേദിയിൽ വീണ്ടും എത്തി ‘താൻ വേറൊന്നും ഉദ്ദേശിച്ചല്ല ചെയ്തതെന്നും ഫാൻ ആതുകൊണ്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ചതാണെന്നും’ വിദ്യാർത്ഥി പറയുന്നുണ്ട്. വീണ്ടും കൈ നീട്ടിയ യുവാവിന് കൈ കൊടുക്കാൻ അപർണ വിസമ്മതിക്കുന്നതും വിഡിയോയിൽ കാണാം.
Comments