മധുരൈ: തമിഴ് നടൻ വടിവേലുവിന്റെ മാതാവ് വൈദീശ്വരി എന്ന പാപ്പ (87) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളേ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയോടെയാണ് അന്ത്യം സംഭവിച്ചത്.
വൈദീശ്വരിയുടെ വിയോഗത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി വടിവേലുവിനെ ഫോണിൽ ബന്ധപ്പെട്ട് അനുശോചനം രേഖപ്പെടുത്തി. നിരവധി സിനിമ താരങ്ങളും നേരിട്ടെത്തിയും അല്ലാതെയും അനുശോചനം അറിയിച്ചിട്ടുണ്ട്. മധുരയിലെ വിരാഗനൂരിലായിരുന്നു നടന്റെ മാതാവ് താമസിച്ചിരുന്നത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക.
പല വേദികളിലും അമ്മയെപ്പറ്റി വടിവേലും വാതോരാതെ സംസാരിച്ചിട്ടുണ്ട്. തമിഴ് സിനിമാലോകത്ത് ഒഴിച്ചുകൂടാനാവാത്ത ഹാസ്യനടനായ വടിവേലു, കുറച്ച് വർഷങ്ങളായി സിനിമയിൽ നിന്ന് വിട്ടുനിന്നിരുന്നു. ‘നായി ശേഖർ റിട്ടേൺസ്’ എന്ന ചിത്രത്തിലൂടെ അടുത്തിടെയാണ് വടിവേലു തിരിച്ചെത്തിയത്.















