തിരുവനന്തപുരം: പശ്ചിമഘട്ടത്തിൽ കൂടുതലായി കാണുന്ന മാവേലിത്തവള അഥവാ പാതാളത്തവളയെ കേരളത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കുന്നതിൽ നിന്ന് വനം വകുപ്പ് പിന്നോട്ട്. ഔദ്യോഗിക തവളയായി പ്രഖ്യാപിക്കാൻ ചേർന്ന സംസ്ഥാന വനം വന്യജീവി ബോർഡ് യോഗം മാറ്റിവച്ചു. ബോർഡിന്റെ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം തേടിയതോടെയാണ് പാതാളത്തവളയെ കേരളത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കുന്നതിൽ നിന്ന് വനം വകുപ്പ് പിന്നോട്ട് പോയത്.
‘വർഷത്തിൽ 364 ദിവസവും മണ്ണിനടിയിൽ കാണപ്പെടുന്ന പാതാളത്തവളയെ വിഐപിയായി അംഗീകരിച്ചാൽ ഉചിതമാകുമോ? എല്ലാവർക്കും ഇതിനെ കാണണ്ടേ?’ എന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. മനുഷ്യൻ കാണാത്ത ഇനത്തെ ഔദ്യോഗിക തവളയായി പ്രഖ്യാപിച്ചാൽ എന്തു പ്രയോജനമെന്ന് ബോർഡ് വൈസ് ചെയർപഴ്സൻ കൂടിയായ വനം മന്ത്രി എ.കെ.ശശീന്ദ്രനും ചോദിച്ചു. ഇതോടെ, വനം വകുപ്പ് യോഗം മാറ്റി വെയ്‌ക്കുകയായിരുന്നു.
ഇരിഞ്ഞാലക്കുട സെയ്‌ന്റ് ജോസഫ് കോളേജിലെ സുവോളജി വിഭാഗം അദ്ധ്യാപകൻ ഡോ. സന്ദീപ് ദാസാണ് പാതാളത്തവളയെ കേരളത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കുന്നതിനായുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. പി.എസ് ഈസയും ഇതിനൊപ്പം ചേർന്നു. പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഇനമാണ് പാതാളത്തവള. പന്നിമൂക്കൻ എന്നും ഇതിന് പേരുണ്ട്. മണ്ണിനടിയിൽ ജീവിക്കുന്ന ഇവ വർഷത്തിലൊരിക്കൽ പ്രജനനം നടത്താൻ വേണ്ടി മാത്രമാണ് ഭൂമിക്ക് മുകളിലേക്ക് വരിക. ‘നാസികബട്രാക്കസ് സഹ്യാദ്രെൻസിസ്’ എന്നാണ് പർപ്പിൾ ഫ്രോഗിന്റെ ശാസ്ത്രീയനാമം. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ പട്ടികപ്രകാരം വംശനാശ ഭീഷണി നേരിടുന്നവയാണിവ. 80 മുതൽ 120 ദശലക്ഷം വർഷങ്ങൾക്കു മുമ്പേ ഇവ പരിണമിച്ചിട്ടുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.















