തിരുവനന്തപുരം: മകളുടെ വിവാഹത്തിനോടനുബന്ധിച്ച് ഭവനരഹിതർക്ക് ഭൂമി ദാനം ചെയ്ത് ബിജെപി പഞ്ചായത്തംഗം മൈലക്കര ആർ.വിജയൻ. ജനസേവകൻ എങ്ങനെ ആയിരക്കണമെന്നതിന് ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് വിജയൻ. കള്ളിക്കാട് ഗ്രാമ പഞ്ചായത്തിലെ മൈലക്കര മഞ്ചാടിമൂട് വാർഡ് അംഗമാണ് ഇദ്ദേഹം. ഭാര്യ ആർ. ഹേമലത വെള്ളറട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുമാണ്. മകളുടെ സന്തോഷത്തിനൊപ്പം മൂന്ന് കുടുംബങ്ങൾക്ക് കൂടി സന്തോഷം പകർന്നിരിക്കുകയാണ് വിജയൻ.
റിപ്പബ്ലിക് ദിനത്തിൽ കള്ളിക്കാട് ഓഡിറ്റോറിയത്തിൽ നടന്ന തന്റെ രണ്ടാമത്തെ മകൾ അശ്വനിയുടെ വിവാഹ ചടങ്ങിൽ വച്ചാണ് മനോഹരമായ കാഴ്ചയ്ക്ക് ജനങ്ങൾ സാക്ഷ്യം വഹിച്ചത്. മകൾ കതിർമണ്ഡപത്തിൽ കയറുന്നതിന് മുമ്പ് തന്നെ ഭൂമിയില്ലാത്ത അർഹരായ മൂന്ന് പേർക്ക് 10 സെന്റ് വസ്തു രജിസ്ട്രേഷൻ ചെയ്തു നൽകി. മുതർന്ന ആർഎസ്എസ് പ്രചാരകൻ എസ് സേതുമാധവൻ കതിർമണ്ഡപത്തിൽ വച്ച് ഭൂമിയുടെ രേഖകൾ അർഹരായവർക്ക് കൈമാറി.
ഹിന്ദു ഐക്യവേദിയുടെ ജില്ലാ ഭാരവാഹിയായി സജീവമായ സംഘടനാ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കെയാണ് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി വേണ്ടി മത്സരിച്ച് വിജയൻ വിജയിക്കുന്നത്. ഗ്രാമ പഞ്ചായത്തംഗമായി രണ്ട് വർഷക്കാലം പൂർത്തിയാക്കിയ കാലയളവിനുള്ളിൽ തന്നെ വാർഡിലെ മുഴുവൻ പെൺകുട്ടികളേയും സമ്പൂർണ്ണ സുകന്യ സമൃദ്ധി യോജന പദ്ധതിയിൽ അംഗമാക്കി. ഇതിനായുള്ള ആദ്യ ഗഡു വിജയൻ തന്നെ അടച്ച് ബുക്ക് വീട്ടുകാരെ ഏൽപ്പിച്ചു. ഇതോടെ തന്റെ വാർഡിനെ സമ്പൂർണ്ണ സുകന്യ സമൃദ്ധി യോജന വാർഡാക്കി മാറ്റി. അതുപോലെ വാർഡിലെ തൊഴിലന്വേഷകരായ യുവജനങ്ങൾക്ക് 200 പിഎസ്സി ബുള്ളറ്റിനും ഇദ്ദേഹം പണമടച്ച് സൗജന്യമായി വിതരണം ചെയ്ത് വരുന്നു.
Comments