മുംബൈ : സെൻഡ്രൽ മുംബൈയിലെ ദാദാറിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. 42 നിലകളുള്ള പാർപ്പിട സമുച്ഛയത്തിലെ 22-ാം നിലയിൽ അടച്ചിട്ട ഫ്ളാറ്റിലാണ് അപകടമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥൻ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി 8.30-ഓടെയാണ് സംഭവം. കെട്ടിടത്തിലെ ഇലക്ട്രിക് പാനലിലുണ്ടായ തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കെട്ടിടത്തിലെ അഗ്നിശമന സംവിധാനം പ്രവർത്തനക്ഷമമല്ലെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. 16 ഫയർ എഞ്ചിനുകളും രണ്ട് ഫയർ ടെൻഡറുകളുമുൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ ചീഫ് അഗ്നിശമന സേന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. അപകടകാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
Comments