പത്തനംതിട്ട: സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ ചിത്രം സ്വയംവരത്തിന്റെ 50-ാം വാർഷികം ആഘോഷിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും പണപ്പിരിവി നടത്തി സംസ്ഥാന സർക്കാർ. ജില്ലയിലെ ഓരോ പഞ്ചായത്തുകളും 5000 രൂപ വീതം ഇതിനായി നൽകണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി.
സ്വയംവരത്തിന്റെ 50-ാം വാർഷികം വിപുലമായി ആഘോഷിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. പ്രമുഖരെ ഉൾക്കൊള്ളിച്ച് സംഘാടക സമിതിയും രൂപീകരിച്ചു. ഈ സംഘാടക സമിതിയ്ക്ക് 5000 രൂപവീതം പഞ്ചായത്തുകൾ നൽകണമെന്നാണ് സർക്കാർ ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ 53 പഞ്ചായത്തുകളിൽ നിന്ന് മാത്രമായി 2,65,000 രൂപ പിരിച്ചെടുത്ത് നൽകാനാണ് സർക്കാർ ശ്രമം.
അടൂർ ഗോപാലകൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് സ്വയംവരം. 1972 നവംബറിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ വാർഷിക ആഘോഷം വിവിധ വേദികളിലായി നടന്നിരുന്നു. എന്നാൽ വീണ്ടും വിപുലമായി ആഘോഷിക്കാൻ സർക്കാർ മുൻകൈ എടുക്കുകയായിരുന്നു.
Comments