ചെന്നൈ: ട്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിദേശ കറൻസിയുമായി യാത്രക്കാരൻ അറസ്റ്റിൽ. 10,000 ഡോളർ വിലമതിക്കുന്ന അനധികൃത കറൻസിയുമായാണ് യാത്രക്കാരൻ പിടിയിലായത്. നോട്ടുകൾ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കസ്റ്റംസ് വിഭാഗത്തിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് സംശയാസ്പദമായ രീതിയിൽ യാത്രക്കാരനെ കണ്ടതിനെത്തുടർന്ന് പരിശോധന നടത്തുകയായിരുന്നു. 8,05,500 രൂപ ഇന്ത്യൻ കറൻസി വിലമതിക്കുന്ന 10,000 യുഎസ് ഡോളറാണ് പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം സമാന രീതിയിൽ ട്രിച്ചി വിമാനത്താവളത്തിൽ നിന്നും അനധികൃത വിദേശ കറൻസി കടത്താൻ ശ്രമിച്ച യാത്രക്കാരനെ പിടികൂടിയിരുന്നു. ചെരുപ്പിനടിയിൽ പ്രത്യേക അറ സൃഷ്ടിച്ച് കടത്താൻ ശ്രമിച്ച നോട്ടുകളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. 7.8 ലക്ഷം രൂപ വിലമതിക്കുന്ന 9,600 യുഎസ് ഡോളറായിരുന്നു കണ്ടെത്തിയത്. ഒരു മാസത്തിനിടയിൽ രണ്ടാം തവണയാണ് വിദേശ കറൻസിയുമായി യാത്രക്കാരൻ പിടിയിലാവുന്നത്.
Comments