തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഭീകരരുടെ സ്വത്ത് ജപ്തി ചെയ്തതുമായി ബന്ധപ്പെട്ട് കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാതെ പിണറായി സർക്കാർ. റവന്യു വകുപ്പാണ് ജപ്തിയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ കോടതിയിൽ സമർപ്പിക്കേണ്ടത്. ജപ്തിക്ക് വിധേയമായവരും പോപ്പുലർ ഫ്രണ്ടും തമ്മിലുള്ള ബന്ധവും കോടതിയിൽ സർക്കാർ വ്യക്തമാക്കേണ്ടതുണ്ട്. ഫെബ്രുവരി 1-ന് മുമ്പ് സത്യവാങ്മൂലം സമർപ്പിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം.
എത്ര കോടി രൂപയുടെ സ്വത്തു വകകളാണ് പിഎഫ്ഐ നേതാക്കളുടേതായി കണ്ടു കെട്ടിയതെന്ന് കോടതിയിൽ സർക്കാർ വ്യക്തമാക്കണം. പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ നടന്ന ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് നേതാക്കന്മാരിൽ നിന്നും പ്രവർത്തകരിൽ നിന്നും നാശനഷ്ടങ്ങൾക്കുള്ള തുക കണ്ടെത്തണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഈ നിർദ്ദേശ പ്രകാരം ജപ്തി നടപടികൾ പൂർത്തിയാക്കിയതായി സർക്കാർ കോടതിയെ അറിയിച്ചു.
എന്നാൽ, മരിച്ചുപോയ പ്രവർത്തകരുടെ പേരിലും ജപ്തി നടപടി നടന്നുവെന്ന പരാതിയെ തുടർന്നാണ് ജപ്തിയുടെ കണക്കുകൾ വിശദീകരിക്കാൻ സർക്കാരിനോട് കോടതി ഉത്തരവിട്ടത്. ആഭ്യന്തര വകുപ്പിൽ നിന്നും സ്വീകരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് റവന്യു വകുപ്പ് ജപ്തി നടപടികളിലേയ്ക്ക് കടന്നത്. അഞ്ചുകോടി ഇരുപത് ലക്ഷത്തിന്റെ സ്വത്തു വകകൾ കണ്ടുകെട്ടണമായിരുന്നു. നാളെ ഹൈക്കോടതി കേസുകൾ പരിഗണിക്കും. ഈ കാലാവധിക്ക് മുമ്പ് യഥാർത്ഥ വിവരം കൈമാറണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം.
Comments