നാരങ്ങ പിഴിഞ്ഞതിന് ശേഷം അവയുടെ തൊലി വലിച്ചെറിയുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഓറഞ്ചിന്റെയും നാരങ്ങയുടെയും തൊലി കളയാൻ വരട്ടെ. പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രം തന്നെയാണ് ഇവയുടെ തൊലികൾ. സിട്രസ് പഴങ്ങളിൽ പെടുന്ന ഓറഞ്ച്, നാരങ്ങ എന്നിവയ്ക്ക് കട്ടിയുള്ള തൊലികളാണുള്ളത്. ഇവയുടെ തൊലികളിൽ ഫൈറ്റോകെമിക്കലുകളും (ബാക്ടീരിയ, ഫംഗസ് അണുബാധകളെ പ്രതിരോധിക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ), ആന്റിഓക്സിഡന്റുകളും (സെല്ലുലാർ കേടുപാടുകൾ തടയുന്നു) ധാരാളമുണ്ട്. കൂടാതെ, ഉള്ളിലെ ഭാഗങ്ങളേക്കാൾ വിറ്റാമിൻ സി തൊലികളിലാണ് അടങ്ങിയിരിക്കുന്നത്. ഓറഞ്ചിന്റെയും നാരങ്ങയുടെയും തൊലികളിൽ ലിമോണീൻ എന്ന സംയുക്തവും അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസർ , പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ചില വിട്ടുമാറാത്ത അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കുമെന്ന് പറയപ്പെടുന്നു.
നാരങ്ങ തൊലിയുടെ ഗുണങ്ങൾ
നാരങ്ങ തൊലികളിൽ വിറ്റാമിൻ സിയും മറ്റ് സുപ്രധാന ഘടകങ്ങളും ധാരാളമുണ്ട്. കൂടാതെ നാരങ്ങ തൊലിയിൽ നാരുകളും അടങ്ങിയിട്ടുണ്ട്. ഇതിന് വിവിധ ആരോഗ്യ ഗുണങ്ങളുണ്ടെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതിലെ നാരുകൾ, വിറ്റാമിൻ, ആന്റിഓക്സിഡന്റ് എന്നിവ ദന്ത, രോഗപ്രതിരോധത്തിനും ഹൃദയ സംബന്ധമായ ആരോഗ്യത്തിനും ഗുണം ചെയ്യും. ഇതിന് ആന്റിട്യൂമർ ഗുണങ്ങളും ഉണ്ടായിരിക്കും.
മുഖക്കുരുവിന് നാരങ്ങ തൊലി പൊടിച്ച് ഉപയോഗിക്കുന്നത് നല്ലതാണ്. സൂര്യാഘാതം, മുഖക്കുരു എന്നിവ മൂലമുണ്ടാകുന്ന കറുത്ത പാടുകൾ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു. ഇത് സുഷിരങ്ങൾ വൃത്തിയായി സൂക്ഷിക്കാനും ബ്ലാക്ക്ഹെഡ്സ്, വൈറ്റ് ഹെഡ്സ് തുടങ്ങിയ ചർമ്മപ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. നാരങ്ങ തൊലി പൊടി എടുത്ത് തൈരിൽ ചേർക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി 20 മിനിറ്റ് കഴിഞ്ഞ ശേഷം കഴുകി കളയുക.
നാരങ്ങ തൊലികൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മന്ദഗതിയിലാക്കുകയും ചെയ്യും. കാരണം, അവയിൽ പെക്റ്റിൻ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ഓറഞ്ച് തൊലിയുടെ ഗുണങ്ങൾ
ഓറഞ്ചിന്റെ തൊലികളിൽ പോളി മെത്തോക്സി ഫ്ലേവണുകൾ (പിഎംഎഫ്), ഹെസ്പെരിഡിൻ തുടങ്ങിയ ഫ്ലേവനോയ്ഡുകളും അടങ്ങിയിരിക്കുന്നു. ആരോഗ്യത്തിന് സഹായകമായ മറ്റ് ഫൈറ്റോകെമിക്കലുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ക്യാൻസർ , ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളെ തടയാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റ് രാസവസ്തുക്കളാണ് ഫ്ലേവനോയിഡുകൾ. ഇതിന് ഉയർന്ന അളവിലുള്ള പോഷകങ്ങളും ഉണ്ട്. ഉയർന്ന ആന്റിഓക്സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഉള്ളടക്കവും ഉള്ളതിനാൽ ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
നാരങ്ങയുടെയും ഓറഞ്ചിന്റെയും തൊലി ഉണക്കി പൊടിക്കുകയാണ് വേണ്ടത്. തൊലി ഉണക്കി പൊടിച്ച് കുപ്പികളിൽ സൂക്ഷിക്കുക. സലാഡുകൾ, കേക്ക് ബാറ്ററുകൾ, കറികൾ, ചാറുകൾ, മധുരപലഹാരങ്ങൾ, സൂപ്പ് എന്നിവയിൽ നാരങ്ങ തൊലി പൊടിച്ചത് ഇടാം. രുചിയോടൊപ്പം ആരോഗ്യ ഗുണങ്ങളും നാരങ്ങ പൊടി നൽകുന്നു.
Comments