ബെംഗളൂരു : ബെംഗളൂരുവിൽ തീവ്രവാദിയെന്ന് സംശയിക്കുന്നയാളെ എൻഐഎ പിടികൂടി. അന്താരാഷ്ട്ര ഭീകര സംഘടനയുമായി ബന്ധമുള്ള ആരിഫ് എന്നയാളെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) കർണാടക പോലീസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷന്റെ ഫലമായിട്ടായിരുന്നു അറസ്റ്റ്.
ഇക്കാര്യം കർണാടക ആഭ്യന്തരമന്ത്രി അരഗ ജനേന്ദ്രയാണ് ഔദ്യോഗികമായി അറിയിച്ചത്. സമൂഹത്തിൽ വര്‍ഗീയത പടർത്തി സമാധാനവും സൗഹാർദ്ദവും തകർക്കാൻ ശ്രമിക്കുന്ന, ഇന്ത്യയെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്ന സംഘടനകളുമായി ബന്ധം പുലർത്താൻ പദ്ധതിയിടുന്ന ആരെയും കീഴ്പ്പെടുത്തുമെന്ന് അരഗ ജനേന്ദ്ര ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിലെ തനിസാന്ദ്രയിൽ നിന്ന് മുഹമ്മദ് ആരിഫിനെ പോലീസ് പിടികൂടുകയായിരുന്നു. വിദേശയാത്ര പോകാൻ ഒരുങ്ങുമ്പോഴാണ് ആരിഫ് അറസ്റ്റിലാവുന്നത്. അലിഗഡിൽ നിന്ന് സിറിയയിലേക്ക് പോകാനായിരുന്നു പദ്ധതി. ഉത്തർപ്രദേശിലെ അലിഗഡ് സ്വദേശിയായ ആരിഫ് നാല് വർഷം മുമ്പാണ് ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയത്. ഇയാൾക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. നിലവിൽ ആരിഫിനെ ചോദ്യം ചെയ്ത് വരികയാണ്.
Comments