ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് കന്നഡ സിനിമാ താരങ്ങൾ. കാന്താരയുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി, നടൻ യഷ്, പരേതനായ നടൻ പുനീത് രാജ്കുമാറിന്റെ ഭാര്യ അശ്വിനി പുനീത് രാജ്കുമാർ തുടങ്ങിയ പ്രമുഖരാണ് പ്രധാനമന്ത്രിയെ സന്ദർശിച്ചത്. യെലഹങ്ക എയർ സ്റ്റേഷനിൽ സംഘടിപ്പിച്ച് എയ്റോ ഇന്ത്യാ ഷോ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു നരേന്ദ്രമോദി.
പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ശ്രദ്ധയും പ്രധാനമന്ത്രിയെ സന്ദർശിക്കാനെത്തി. കർണാടകയുടെ സംസ്‌കാരം, സിനിമ തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രിയുമായി ഇവർ ചർച്ച നടത്തി. കന്നഡ സിനിമകളിൽ സാംസ്‌കാരത്തിനും പാരമ്പര്യത്തിനും പ്രാധാന്യം നൽകുന്നതിലും സ്ത്രീ കഥാപാത്രങ്ങൾക്ക് മുൻഗണന നൽകുന്നതിനെയും പ്രധാനമന്ത്രി പ്രശംസിച്ചു.
‘പ്രചോദനാത്മകമായ കൂടിക്കാഴ്ച. പുതിയ ഇന്ത്യയെയും പുരോഗമന കർണാടകയെയും രൂപപ്പെടുത്തുന്നതിൽ വിനോദ വ്യവസായത്തിന്റെ പങ്ക് ചർച്ച ചെയ്തു. മികച്ച ഇന്ത്യയെ വാർത്തെടുക്കാനുള്ള പദ്ധതിയുടെ ഭാഗമാകുന്നതിൽ അഭിമാനം തോന്നുന്നു. നിങ്ങളുടെ ദീർഘവീക്ഷണമുള്ള നേതൃത്വം ഞങ്ങളെ പ്രചോദിപ്പിക്കുന്നു. നിങ്ങളുടെ പ്രോത്സാഹനം ഞങ്ങൾക്ക് ലോകം എന്താണെന്ന് കാണിച്ചു നൽകുന്നു’ എന്നാണ് കൂടിക്കാഴ്ചയ്‌ക്ക് ശേഷം പ്രധാനമന്ത്രിയെപ്പറ്റി നടൻ ഋഷഭ് ഷെട്ടി ട്വിറ്ററിൽ കുറിച്ചത്.
Comments