സോൾ: മൂന്ന് ദിവസത്തെ യുഎസ്– ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസത്തിനു മറുപടിയായി ഉത്തരകൊറിയ ജപ്പാൻ കടലിലേക്കു ഹ്രസ്വദൂര മിസൈൽ പ്രയോഗിച്ചു. രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് വിക്ഷേപിച്ചത്. അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത വ്യോമാഭ്യാസം നടത്തിയതിനു 48 മണിക്കൂറിനുള്ളില്‍ ഉത്തര കൊറിയ നടത്തുന്ന രണ്ടാമത്തെ മിസൈല്‍ പരീക്ഷണമായിരുന്നു ഇത്. ഇതേതുടർന്ന് അടിയന്തിരമായി യു എൻ രക്ഷാ സമിതി വിളിക്കാൻ ജപ്പാൻ ആവശ്യമുന്നയിച്ചു.
രണ്ട് മിസൈലുകളും പരമാവധി 100 കിലോമീറ്ററും 50 കിലോമീറ്ററും ഉയരത്തിലെത്തി ജപ്പാന്റെ വ്യാവസായിക മേഖലയ്ക്ക് പുറത്ത് പതിച്ചതായി ജപ്പാന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രദേശത്തെ വിമാനങ്ങൾക്കും കപ്പലുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ജപ്പാൻ വ്യക്തമാക്കി.
യുഎസ്– ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസത്തിനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ഉത്തരകൊറിയ മിസൈൽ പരീക്ഷണം ആരംഭിച്ചത്. ഇന്നലെ വിക്ഷേപിച്ച മിസൈൽ ജപ്പാനിലെ ഒഷിമ ദ്വീപിനു 200 കിലോമീറ്റർ അകലെ കടലിലാണ് പതിച്ചത്. ഏതെങ്കിലും തരത്തിലുള്ള നാശമുണ്ടായിട്ടില്ലെന്നു ജപ്പാൻ അറിയിച്ചു.
യുഎസ് വരെ എത്താൻ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈൽ ഉത്തര കൊറിയ മുമ്പ് പരീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം പരീക്ഷിച്ച മിസൈലും ഇതേ ശേഷിയുള്ളതാണ്. യുഎസുമായി ചേർന്നാണ് ദക്ഷിണകൊറിയ സൈനികാഭ്യാസം നടത്തിവരുന്നത്. ഈ വർഷം മാത്രം ഈ കൂട്ടുകെട്ട് 20 സൈനിക അഭ്യാസങ്ങൾ നടത്തിയെന്ന് ഉത്തരകൊറിയ ആരോപണം ഉന്നയിച്ചിരുന്നു.
2022-ൽ 70-ലധികം മിസൈലുകൾ വിക്ഷേപിച്ചാണ് ഉത്തരകൊറിയ വാർഷിക റെക്കോർഡ് സ്ഥാപിച്ചു. ഇത്തരം ആയുധ പരീക്ഷണങ്ങളിൽ പലതും യുഎസ്-ദക്ഷിണ കൊറിയൻ സൈനികാഭ്യാസങ്ങൾക്കുള്ള മുന്നറിയിപ്പായിരുന്നുവെന്നാണ് ഉത്തരകൊറിയയുടെ വാദം.
Comments