തിരുവനന്തപുരം: തലസ്ഥാനത്ത് തോക്കുമായി സിവിൽ സ്റ്റേഷനിൽ എത്തിയ യുവാവ് ജീവനക്കാരെ പൂട്ടിയിട്ടു. വെങ്ങാനൂർ മിനി സിവിൽ സ്റ്റേഷനിൽ അമരവിള സ്വദേശി മുരുകനാണ് പെല്ലറ്റ് തോക്കുമായെത്തിയത്. കുടിവെള്ളം കിട്ടുന്നില്ലെന്ന പരാതിയുമായെത്തിയ യുവാവാണ് പിന്നീട് തോക്കുമായെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇയാൾ ഗേറ്റ് പുറത്തു നിന്ന് പൂട്ടുകയും ചെയ്തു.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. കനാലിൽ നിന്നും വെള്ളം ലഭിക്കുന്നില്ലെന്നായിരുന്നു പരാതി. വെള്ളം തുറന്നുവിടാത്ത പഞ്ചായത്ത് അടച്ചു പൂട്ടണം എന്ന മുദ്രാവാക്യം എഴുതിയ പ്ലക്കാർഡും ഇയാളുടെ കൈയിലുണ്ടായിരുന്നു. കനാൽ വെള്ളം എത്താത്തതിനാൽ കർഷകർക്ക് ഏറെ ബുദ്ധിമുട്ടുണ്ടെന്ന് മുരുകൻ പറയുന്നു.
പ്രതിഷേധിക്കാനെത്തിയ മുരുകൻ പിന്നാലെ മിനി സിവിൽ സ്റ്റേഷൻ ഓഫീസിന്റെ ഗേറ്റ് പൂട്ടിയിട്ടു. സംഭവമറിഞ്ഞ് പോലീസ് എത്തിയാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്. ഇയാളിൽ നിന്നും തോക്കും പിടിച്ചെടുത്തു.















