ഭാഗം ഒന്ന്
ആകാശംമുട്ടെ ഉയർന്നു നിൽക്കുന്ന തേരുകളും കുതിരകളും ഓണാട്ടുകരക്കാരന്റെ സ്വകാര്യ അഹങ്കാരമാണ്. മധ്യതിരുവിതാംകൂറിൽ പലയിടത്തും ഇവയുണ്ടെങ്കിലും ചെട്ടികുളങ്ങരയിലേതുപോലെ ശില്പഭംഗിയും പൂർണ്ണതയും മറ്റാർക്കും അവകാശപ്പെടാനാവില്ല. കുംഭഭരണി ആകുമ്പോഴേക്കും ആ അഭിമാനം ആകാശസീമകളെയും അതിലംഘിച്ച് അലൗകികലോകത്തേക്ക് ഉയർന്നുയർന്നുപോകും.
ഉത്സവങ്ങളും പൂരങ്ങളും ലോകത്ത് ധാരാളമുണ്ടെങ്കിലും അവയൊന്നും ഓണാട്ടുകരക്കാരന്റെ കണ്ണിനെയും മനസ്സിനെയും തൃപ്തിപ്പെടുത്തുകയില്ല. അത്രമേൽ പ്രിയതരമാണ് ഈ നാട്ടുകാർക്ക് ചെട്ടികുളങ്ങരയിലെ വിഖ്യാതമായ കുംഭഭരണിയും അവിടുത്തെ മനോഹരങ്ങളായ കെട്ടുകാഴ്ചകളും.
ഓണാട്ടുകരയുടെ ഓണം
ആലപ്പുഴ-കൊല്ലം ജില്ലകളിലെ കാർത്തികപ്പള്ളി, മാവേലിക്കര, കരുനാഗപ്പള്ളി താലൂക്കുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളെയാണ് പൊതുവേ ഓണാട്ടുകര എന്നറിയപ്പെടുന്നത്. പഴയൊരു നാട്ടുരാജ്യമെന്ന നിലയിലാണ് ഈ ദേശം ശ്രദ്ധേയമാകുന്നത്. ഒടനാട്, ഓടനാട്, ഓണാട്, കായംകുളം മുതലായ നാമങ്ങൾ ഈ നാട്ടുരാജ്യത്തെയാണു കുറിക്കുന്നത്. ചിറവായ് സ്വരൂപമെന്നും ഈ രാജ്യം ഒരുകാലത്ത് അറിയപ്പെട്ടിരുന്നു. ചവറയ്‌ക്കു വടക്ക് കന്നേറ്റിമുതൽ തിരുവല്ലയ്‌ക്കടുത്തുള്ള കടപ്രവരെയും പടിഞ്ഞാറ് തൃക്കുന്നപ്പുഴക്കടുത്തുള്ള കന്നാലിപ്പാലം വരെയും വ്യാപിച്ചുകിടക്കുന്ന പ്രദേശമായി ഓണാട്ടുകരയെ അടയാളപ്പെടുത്തുന്നുണ്ട്. എന്നാൽ ഇന്ന് ഭൂമിശാസ്ത്രപരമായ ഇത്തരം അതിരുകളെയെല്ലാം മായ്ച്ചുകളഞ്ഞ്, തനിമയുള്ള ഒരു സംസ്കാരിക മുദ്രയായി പരിണമിച്ചു വികസിച്ചിരിക്കുന്ന പ്രയോഗ വിശേഷണമാണ്, ‘ഓണാട്ടുകര’ എന്നത്. ഒരേസമയം, ദേശത്തേയും ദേശസംസ്കൃതിയെയും മഹനീയമായ ഭൂതകാല പാരമ്പര്യത്തെയും അടയാളപ്പെടുത്താൻ ഓണാട്ടുകരയെന്ന മൊഴിവഴക്കത്തിന് കഴിയുന്നു. ഭാഷ, ജീവിതശൈലി, ആഹാരക്രമം, ആചാരപദ്ധതി, വേഷവിധാനം തുടങ്ങിയ സൂക്ഷ്മവും സ്ഥൂലവുമായ അടയാളപ്പെടുത്തലുകളുടെ അടരുകളില് ഈ ദേശത്തിന്റെ തനിമ വേറിട്ടവ്യക്തിത്വത്തോടെ നിലനില്ക്കുന്നു.
ഉത്സവങ്ങളുടെ നാട്
ഉത്സവങ്ങളുടെ നാടാണ് നമ്മുടേത്. ആറന്മുള വള്ളംകളി, മുടിയെഴുന്നള്ളത്തുകൾ, കോലം, പടയണി, കെട്ടുകാഴ്ചകൾ, കുത്തിയോട്ടം, തൂക്കം എന്നിങ്ങനെ വൈവിധ്യമാർന്ന ആചാരാനുഷ്ഠാനങ്ങൾ കൊണ്ട് സമ്പന്നമാണ് ഇവിടം. ഓരോ ദേശത്തിന്റെയും തനിമയും ജനജീവിതത്തിന്റെ ഇഴയടുപ്പവും ഭാവനാവൈവിധ്യങ്ങളും അവയിലാകമാനം തുടിച്ചുനില്ക്കും. റോഡുകളും ഗതാഗത വാർത്താവിനിമയ സംവിധാനങ്ങളും തീരെയില്ലാതിരുന്ന കാലത്ത് ഓരോ നാട്ടുമ്പുറപ്രദേശങ്ങളിലെയും കൂട്ടായ്മകളുടെ സ്വകാര്യാഭിനിവേശങ്ങളായിരുന്നു ഓരോ ഉത്സവങ്ങളും. ഇന്നതുമാറിയിട്ടുണ്ടെന്നതുനേരാണ്. എന്നിരുന്നാലും, ഇതര ദേശത്തുനിന്ന് തങ്ങളുടെ ദേശത്തെ വേര്തിരിച്ചു നിർത്തുന്ന പ്രത്യേകതകൾ നിറഞ്ഞ സന്ദർഭങ്ങളുടെ ഉജ്ജ്വല മുഹൂർത്തങ്ങൾ കൂടിയായിരുന്നു, അപ്പന്മാരും അമ്മമാരുമടങ്ങുന്ന നാട്ടുദേവതകളുടെ തിരുനാളുത്സവങ്ങൾ. അവ ആ പ്രത്യേക തട്ടക ജനതയുടെ സഹവർത്തിത്വത്തിന്റെ സാമൂഹിക ദൗത്യം നിര്വ്വഹിക്കപ്പെടുന്ന സവിശേഷ സാഹചര്യങ്ങൾ കൂടിയായിരുന്നു. ജനങ്ങളുടെ ജാതിമതാതീതമായ സഹകരണവും സഹവർത്തിത്വവും സമർപ്പണവും ഇത്തരം ഉത്സവങ്ങളെ വേറിട്ടതും ജനകീയവും വൈവിധ്യപൂർണ്ണവും ആകർഷകവുമാക്കുന്നു.
ഐതിഹ്യത്തിന്റെ നാലമ്പലങ്ങളിൾ ഭക്തിയുടെ പരിമളം പരത്തി നിറഞ്ഞു നില്ക്കുന്ന പുരാവൃത്തങ്ങളാണ് വിശ്വാസങ്ങളുടെ കാതൽ . അവ കരകളുടെ നാലുകെട്ടുകൾക്കപ്പുറത്തേക്കു വളര്ന്ന് ഓണട്ടുകരയുടെ നാട്ടിടവഴികളിലേക്ക് ഓടിയിറങ്ങിവരുന്ന നാളുകളാണ് ഓരോ ഉത്സവക്കാലവും. ചിങ്ങത്തിലെ ഓണക്കാലത്തേക്കാൾ ഇവിടുത്തുകാർ കുംഭമാസത്തിലെ ഭരണിയുത്സവത്തിനാണ് പ്രാധാന്യം നല്കുന്നത്. ഉപജീവനാര്ത്ഥം വിദേശ രാജ്യങ്ങളിലേക്കും ഇതര സംസ്ഥാനങ്ങളിലേതടക്കം മറ്റു ദിക്കുകളിലേക്കും ചേക്കേറിയവർ നാട്ടിലേക്ക് മടങ്ങിയെത്താൻ തിരഞ്ഞെടുക്കുന്നത് പൂവിളി ഉയര്ന്നുപൊങ്ങുന്ന ചിങ്ങമാസത്തെയല്ല. പ്രത്യുത, അവര്ക്കു പ്രിയങ്കരം, പൊള്ളുന്ന വേനല്ച്ചൂടിന്റെ പുകച്ചിലുകള്ക്കിടയിൽ ഇരവിന്റെ മാറുതുരന്ന് ഇളം തെന്നലായൊഴുകിയെത്തുന്ന കുത്തിയോട്ടശീലുകള്ക്കൊപ്പം ചുവടുകളിളക്കി കുണുങ്ങിത്തുള്ളുന്ന എള്ളിൻ പാടങ്ങൾ നിറഞ്ഞുനിരന്ന കുഭമാസക്കാലമാണ്. അത് ഓണാട്ടുകരയുടെ നന്മകൾ പൂത്തുപൊട്ടുന്ന ഭരണിക്കാലമാണ്. നാട്ടിലേക്ക് മടങ്ങിയെത്തുന്നത്തുന്ന ഓരോരുത്തരും ഒട്ടും ചോരാത്ത ആവേശവുമായി ഉത്സവത്തിന്റെ ആരവങ്ങളിൽ നാട്ടുകാർക്കൊപ്പം അലിഞ്ഞു ചേരുന്നതാണിവിടുത്തെ പതിവ്. കെട്ടുകാഴ്ചയൊരുക്കുന്നതിലും, കാഴ്ചക്കണ്ടം വെടിപ്പാക്കുന്നതിലും കുതിരമൂട്ടിലെ കഞ്ഞിവിളമ്പുന്നതിലും കുത്തിയോട്ടത്തിന്റെ താനവട്ടമുയരുന്ന പാട്ടുകൂട്ടത്തിലും മറ്റും മറ്റുമായി അവർ മുഴുകിയൊഴുകി നടക്കുന്നത് പതിവു കാഴ്ചയാണ്. അതുകൊണ്ടുതന്നെ ഓണാട്ടുകരയുടെ രണ്ടാം ഓണമായോ, പൊന്നോണമായിത്തന്നെയോ, ചെട്ടികുളങ്ങര കുഭഭരണിയുത്സവത്തെ വിശേഷിപ്പിക്കാം.
ഓണാട്ടുകരയിലെ അറിയപ്പെടുന്ന പ്രാദേശിക ചരിത്ര കാരനാണ് ഹരികുമാർ ഇളയിടം. ‘ചെട്ടികുളങ്ങര കുംഭഭരണി: ഓണാട്ടുകരയുടെ പൂരോത്സവം’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
Phone : 9447304886
ഫോട്ടോ പ്രശാന്ത് കുമാർ എസ്സാർ
Comments