റാഞ്ചി : ജാർഖണ്ഡിലെ ബൊക്കാറോ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ലോഹഞ്ചാലിലെ സർക്കാർ കോഴി ഫാമിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 400 കോഴികൾ ചത്തു. കൊൽക്കത്തയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. ബൊക്കാറോ ജില്ലയിലെ സർക്കാർ നിയന്ത്രണത്തിലുള്ള കോഴി ഫാമിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജാർഖണ്ഡ് സർക്കാർ ജാഗ്രതയിലാണ്.
കോഴികൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. മൃഗസംരക്ഷണ വകുപ്പിലെയും കോഴിവളർത്തൽ മേഖലയിലെയും ആളുകൾ സജീവമായി പക്ഷിപ്പനിനിരീക്ഷിക്കും. രോഗബാധ സ്ഥിരീകരിച്ച മേഖലകളിലെ ജനങ്ങൾ
കോഴി, ഇവയുടെ മുട്ട, ഇറച്ചി എന്നിവയുടെ ഉപയോഗം ഒഴിവാക്കണമെന്ന് ബൊക്കാറോയിലെ ഡെപ്യൂട്ടി കമ്മീഷണർ കുൽദീപ് ചൗധരി അറിയിച്ചു.
റാഞ്ചിയിൽ നിന്നുള്ള മൃഗസംരക്ഷണ വകുപ്പ് സംഘം ചത്ത കോഴികളുടെ സാമ്പിളുകൾ ശേഖരിച്ച് കൊൽക്കത്ത, മധ്യപ്രദേശ് എന്നിവിടങ്ങളിലേക്ക് അന്വേഷണത്തിനായി അയച്ചു. കടക്നാഥ്, ആർഐആർ എന്നീ രണ്ട് ഇനം കോഴികളെയാണ് ഫാമിൽ വളർത്തിയിരുന്നതെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ മനോജ് കുമാർ മണി പറഞ്ഞു. രണ്ട് ഇനങ്ങളിലുള്ള കോഴികൾ ചത്തൊടുങ്ങിയതോടെ നടത്തിയ അന്വേഷണത്തിൽ പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നെന്ന് മനോജ് കുമാർ വ്യക്തമാക്കി.
Comments