മെഗാസ്റ്റാർ മമ്മൂട്ടിയും തെലുങ്ക് യുവതാരം അഖിൽ അക്കിനേനിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഏജന്റ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഏജന്റ്. അഖില്‍ അക്കിനേനി നായകനാകുന്ന ചിത്രത്തിൽ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. അതിനാൽ ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ കാത്തിരിക്കുന്നത്.
ഇപ്പോഴിതാ ‘ഏജന്റിലെ’ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മല്ലി മല്ലി എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ആദിത്യ അയ്യങ്കാറാണ്. ചിത്രത്തിൽ ഹിപ് ഹോപ് തമിഴ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. അഖിൽ,ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.
എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ റെഡ്ഡി സിനിമയുടെയും ബാനറിൽ രാമബ്രഹ്‍മം സുങ്കരയാണ് ഏജന്റ് സംവിധാനം ചെയ്‍തിരിക്കുന്നത്. ഏജന്റ് 2023 ഏപ്രിൽ 28 ന് പ്രദർശനത്തിനെത്തുമെന്ന് നിർമ്മാതാക്കൾ പറഞ്ഞു. ചിത്രത്തിന്റെ തിയറ്ററിനു ശേഷമുള്ള സ്ട്രീമിംഗ് അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സോണിലൈവ് സ്വന്തമാക്കിയതായി നിർമ്മാതാക്കൾ റിപ്പോർട്ട് ചെയ്തിരുന്നു.
സാക്ഷി വൈദ്യ നായികയായി എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം റസൂൽ എല്ലൂരാണ്. ഏജന്റിൽ മമ്മൂട്ടി, ഡിനോ മോറിയ, വിക്രംജീത് വിർക്ക് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. നവീൻ നൂലിയാണ് ഈ സ്റ്റൈലിഷ് സ്പൈ ത്രില്ലറിന്റെ എഡിറ്റർ.















