ന്യൂഡൽഹി : ‘ബാരിസു കന്നഡ ഡിം ദിമാവ’ സാംസ്‌കാരികോത്സവത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങ് ഡൽഹിയിലെ തൽക്കത്തോറ സ്‌റ്റേഡിയത്തിലാണ് നടക്കുന്നത്. സാംസ്‌കാരികോത്സവത്തോടനുബന്ധിച്ച് നടക്കുന്ന പ്രദർശനവും പ്രധാനമന്ത്രി സന്ദർശിച്ചു. കർണാടകയുടെ ചരിത്രവും പാരമ്പര്യവും സംസ്‌കാരവുമാണ് പ്രദർശന വേളയിൽ തുറന്നു കാട്ടിയത്. 75-ാം വാർഷികാഘോഷമാണ് നടക്കുന്നത്.
ഡൽഹി-കർണാടക സംസ്‌കാരിക സംഗമം മികച്ച മാതൃകാണ് മുന്നോട്ട് വയ്‌ക്കുന്നതെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു. 75 വർഷം മുമ്പുള്ള സാഹചര്യങ്ങൾ വിശകലനം ചെയ്യുമ്പോൾ ഇന്ത്യ പുരോഗതിയിലാണെന്നും അദ്ദേഹം പരാമർശിച്ചു. സമ്മേളനത്തിന്റെ ഭാഗമായ എല്ലാവരെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
സാംസ്‌കാരിക പൈതൃകങ്ങളുടെ നാടാണ് കർണ്ണാടക. അതുപോലെ സാങ്കേതിക വിദ്യയിലും സംസ്ഥാനം രാജ്യത്തിന് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ചടങ്ങിൽ ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി കൂടിക്കാഴ്ചയെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. കേന്ദ്രമന്ത്രി പ്രഹ്‌ലാദ് ജോഷി, കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ആദിചുഞ്ചനഗിരി മഠം സ്വാമിജി തുടങ്ങി നിരവധി പേർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Comments