വാഹനം വാങ്ങുന്നതിനെക്കാൾ ബുദ്ധിമുട്ടാണ് അതൊന്ന് മറിച്ച് വിൽക്കാൻ…! ഇങ്ങനെ പറയാത്തവരും കരുതാത്തവരും ചുരുക്കമായിരിക്കുമല്ലേ. വാഹനം വാങ്ങുമ്പോളും വിൽക്കുമ്പോഴും ജാഗ്രത പുലർത്തിയില്ലെങ്കിൽ പിന്നീട് പുലിവാലുപിടിക്കേണ്ടി വരുമെന്നത് ഉറപ്പാണ്. വാഹനം വിൽക്കുമ്പോൾ, വിൽപനക്കത്ത് എഴുതി റവന്യു സ്റ്റാംപിൽ ഒപ്പിട്ടു വാങ്ങിയിട്ടുണ്ടല്ലോ എന്നൊക്കെ ആശ്വസിച്ചിരിക്കാൻ വരട്ടെ. അതൊന്നും മോട്ടോർ വാഹന നിയമത്തിന് ബാധകമല്ല.
ഓൺലൈനിലുള്ള വാഹനവിൽപ്പന കുറേക്കൂടി നമ്മുടെ വരുതിയിൽ നിൽക്കുന്ന ഒന്നാണ്. ഇടനിലക്കാരെ എളുപ്പത്തിൽ ഒഴിവാക്കാൻ കഴിയും എന്നതാണ് ഒരു പ്രത്യേകത. വിൽക്കാൻ ഉദ്യേശിക്കുന്ന കാർ ഏറ്റവും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. പഴയതാണെങ്കിലും കാർ വാങ്ങാൻ വരുന്നയാൾക്ക് മനസ്സിൽ പൊരുത്തം തോന്നേണ്ടത് പ്രധാനഘടകമാണ്. കാറിന്റെ ഇന്റീരിയറും സുപ്രധാന ഘടകമാണ്. സർവീസ് സ്റ്റേഷനിൽ കൊണ്ടുപോയി വൃത്തിയാക്കുന്നതാകും ഉചിതം. വീൽ ബാലൻസിങ്, അലൈൻമെന്റ് എന്നിവയും ചെയ്തുവെയ്‌ക്കുക. വാങ്ങാൻ വരുന്നയാൾ ടെസ്റ്റ് ഡ്രൈവ് ചെയ്യുമ്പോൾ വാഹനത്തിന് നല്ല സ്ഥിരത ഫീൽ ചെയ്യണം.
കഴുകി വൃത്തിയാക്കിയ കാർ നല്ലൊരു പശ്ചാത്തലത്തിൽ നിറുത്തി ഫോട്ടോകളെടുക്കണം. ഗുണനിലവാരമുള്ള ചിത്രങ്ങളായിരിക്കണം വാങ്ങാൻ വരുന്നവർക്കു മുൻപിൽ എത്തിക്കേണ്ടത്. അടിസ്ഥാനപരമായ ബാലൻസിങ് ചിത്രങ്ങൾക്കുണ്ടായിരിക്കണം. ഇന്റീരിയർ ചിത്രങ്ങളും എടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യണം. വാഹനത്തിലെ ഫീച്ചറുകൾ, ടച്ച് സ്‌ക്രീൻ തുടങ്ങിയ സന്നാഹങ്ങൾ തുടങ്ങിയവയെക്കുറിച്ച് ചെറിയ വിവരണം നൽകണം. ഓഡോമീറ്റർ റീഡിങ്, മുൻപ് വാഹനത്തിന് എത്ര ഉടമകളുണ്ടായിട്ടുണ്ട് എന്നീ വിവരങ്ങൾ സത്യസന്ധമായിത്തന്നെ നൽകണം. പല വഴികളിലൂടെ വാഹനത്തിന്റെ നടപ്പുവില കണ്ടെത്താവുന്നതാണ്. യൂസ്ഡ് കാർ ഡീലർമാരുമായി സംസാരിച്ചാൽ ഒരുവിധം ധാരണ ലഭിക്കും. നിരവധി വെബ്‌സൈറ്റുകളും ഇന്ന് ഇതിനായുണ്ട്. ഇതും ഉപയോഗപ്പെടുത്താവുന്നതാണ്.
Comments