ബെംഗളൂരു :കറുപ്പ് നിറത്തിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. കലബുറഗി ജെവാർഗി കൊല്ലൂർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. ഷഹപൂർ സ്വദേശിനിയായ ഫർസാന ബീഗമാണ് ഭർത്താവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭർത്താവ് ഖാജ പട്ടേൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദമ്പതികൾക്ക് നാലു വയസ്സും രണ്ടു വയസ്സുമുള്ള രണ്ട് കുട്ടികളാണുള്ളത്. ഏഴ് വർഷം മുമ്പാണ് ഇരുവരും വിവാഹിതരാവുന്നത്.
ഫർസാനയുടെ മരണവിവരം പ്രദേശത്തെ പാൽക്കാരനാണ് മാതാപിതാക്കളെ അറിയിച്ചത്. ഫർസാനയുടെ മാതാപിതാക്കൾ എത്തുമ്പോൾ മൃതദേഹത്തിനരികിൽ ഇരുന്നു കരയുന്ന കുട്ടികളെയാണ് കണ്ടത്. സംഭവത്തെ തുടർന്ന് ഇവർ ഖാജ പട്ടേലിനെതിരെ പരാതി നൽകി. ഖാജയും അയാളുടെ കുടുംബാംഗങ്ങളും ഒളിവിലാണെന്നും അന്വേഷണം ആരംഭിക്കുകയാണെന്നും പോലീസ് അറിയിച്ചു. സ്ത്രീധന പീഠനത്തിന് കേസെടുത്തതായും പോസ്റ്റ് മാർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
കറുപ്പ് നിറത്തിന്റെ പേരിൽ ഫർസാനെയേ നിരന്തരം പരിഹസിക്കുമായിരുന്നുവെന്ന് യുവതിയുടെ അടുത്ത ബന്ധു ഖുർഷിദ് പറഞ്ഞു. കൂടാതെ തങ്ങളുടെ നിലയ്ക്കും വിലയ്ക്കും അനുയോജ്യയല്ല യുവതിയെന്നും സ്ത്രീധനം ആവശ്യപ്പെട്ടിരുന്നതായും കുടുംബം ആരോപിച്ചു.
Comments