തെന്നിന്ത്യൻ സൂപ്പർ താരം അനുഷ്ക ഷെട്ടി മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരികെ വരുന്നു. തെലുങ്ക് ചിത്രമായ ‘മിസ് ഷെട്ടി മിസ്റ്റർ പൊളിഷെട്ടി’ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ച് വരവിന് ഒരുങ്ങുന്നത്. അപൂർവ്വമായ ഒരു രോഗം പിടിപ്പെട്ടതിനെ തുടർന്നായിരുന്നു അനുഷ്ക സിനിമാ ജീവിതത്തിന് ഇടവേള നൽകിയത്.
തന്റെ രോഗ കാരണത്തെ കുറിച്ച് നടി തന്നെ മുൻപൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. എനിക്ക് ചിരിക്കുന്ന രോഗമുണ്ട്. ചിരിക്കുന്നത് ഒരു പ്രശ്നമാണെന്ന് നിങ്ങൾക്ക് തോന്നിയേക്കാം? എനിക്കത് പ്രശ്നമാണോയെന്ന്. ഞാൻ ചിരിക്കാൻ തുടങ്ങിയാൽ 15 മുതൽ 20 മിനിറ്റ് വരെ തുടരും. കോമഡി രംഗങ്ങൾ കാണുമ്പോഴോ ഷൂട്ട് ചെയ്യുമ്പോഴോ എനിക്ക് ചിരി നിർത്താൻ പറ്റാതെ വരും. പലപ്പോഴും പല തവണ സിനിമകളുടെ ഷൂട്ടിംഗ് പോലും തടസപ്പെട്ടിട്ടുണ്ടെന്നായിരുന്നു അനുഷ്ക പറഞ്ഞത്.
2020 ൽ പുറത്തിറങ്ങിയ നിശബ്ദം എന്ന ഹൊറർ ചിത്രത്തിലാണ് അനുഷ്ക അവസാനമായി അഭിനയിച്ചത്. നാഗാർജുനയ്‌ക്കൊപ്പം 2005-ൽ പുറത്തിറങ്ങിയ സൂപ്പർ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അനുഷ്‌ക അഭിനയരംഗത്തിലേക്ക് കാലെടുത്ത് വെയ്‌ക്കുന്നത്. ഈ ചിത്രത്തിന്റെ വിജയത്തെ തുടർന്നായിരുന്നു നടി തെലുങ്ക് ചിത്രങ്ങളിൽ സജീവമായത്.















