കഠിനാദ്ധ്വാനവും ആത്മ സമർപ്പണവും കൊണ്ട് മലയാള സിനിമയിൽ സ്വന്തം ഇടം കണ്ടെത്തിയ യുവതാരമാണ് ഉണ്ണിമുകുന്ദൻ. ഗുജറാത്തിലാണ് താരം ജനിച്ചു വളർന്നത്. അതിനാൽ തന്നെ മലയാള സിനിമയുമായി കാര്യമായ ബന്ധം ഉണ്ടായിരുന്നില്ല. താരത്തിന്റെ സിനിമ പ്രവേശനവും ഒട്ടും എളുപ്പമായിരുന്നില്ല. ഇപ്പോൾ തന്നെ സിനിമയിൽ എത്താൻ സഹായിച്ചവരെ നന്ദിപൂർവ്വം ഓർക്കുകയാണ് താരം.
നടൻ ടി ജി രവിയുടെ സഹായത്തൊടെയാണ് താൻ സിനിയയിൽ എത്തിയതെന്ന് ഉണ്ണിമുകുന്ദൻ പറഞ്ഞു. സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം അച്ഛനോട് പറഞ്ഞിരുന്നു. തുടർന്ന് തൃശൂരിലുള്ള സുഹൃത്തുക്കളുമായി അച്ഛൻ ബന്ധപ്പെട്ടു. ഗംഗാധരൻ എന്ന സുഹൃത്തിനോടും അച്ഛൻ സംസാരിച്ചിരുന്നു. അദ്ദേഹമാണ് ടിജി രവിയുമായി ബന്ധപ്പെടുത്തിയത്. ടിജി രവിയാണ് സംവിധായകൻ ലോഹിതദാസിന്റെ അഡ്രസ് തന്നത്. അങ്ങനെയാണ് ലോഹിതദാസിന് കത്തെഴുതുന്നതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. തന്റെ സിനിമാജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ മാളികപ്പുറത്തിൽ ടിജി രവി ഭാഗമായെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.
നിലവിൽ ‘ഞാൻ ഗന്ധർവൻ’ എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുകയാണ് ഉണ്ണിമുകുന്ദൻ. കഴിഞ്ഞ ഡിസംബറിൽ പുറത്തിങ്ങിയ മാളികപ്പുറം എന്ന ചിത്രം താരത്തിന്റെ സിനിമ ജീവിതത്തിലെ പ്രധാന വഴിത്തിരിവായിരുന്നു. നൂറുകോടി ക്ലബിലും ചിത്രം ഇടം പിടിച്ചിരുന്നു.















