ബീജിംഗ്: ഒരു വയസുള്ള കുഞ്ഞിന്റെ തലച്ചോറിനുള്ളിൽ ഇരട്ടയുടെ ഭ്രൂണം. ചൈനയിലാണ് ലോകത്തെ ഞെട്ടിച്ച സംഭവം. ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ തലച്ചോറിനുള്ളിൽ നിന്ന് ഇരട്ടയുടെ ഭ്രൂണം നീക്കം ചെയ്തതായി ഷാങ്ഹായിയിലെ ഡോക്ടർമാർ പറഞ്ഞു. ന്യൂറോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
തല വലുതായ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ സ്‌കാനിംഗിലാണ് വിവരം അറിഞ്ഞത്. ഇരട്ടയുടെ ഭ്രൂണത്തിന് കൈകാലുകളും എല്ലുകളും വിരലുകൾ പോലെയുള്ള മുകുളങ്ങളും വികസിച്ചതായി ഡോക്ടർമാർ പറഞ്ഞു. ‘ഇൻട്രാവെൻട്രിക്കുലാർ ഫീറ്റസ്-ഇൻ-ഫീറ്റൂ’ എന്നറിയപ്പെടുന്ന ഈ അവസ്ഥ ഗർഭാശയത്തിൽ ഇരട്ടകൾ കൂടിച്ചേരുമ്പോഴാണ് സംഭവിക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നത്. എന്നാൽ ഒന്നിന്റെ വളർച്ച മാത്രമേ കൃത്യമായി നടക്കുന്നുള്ളൂയെന്ന് മിയാമി ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. ഒരു കുട്ടിയുടെ വയറ്റിൽ മറ്റൊരു ഭ്രൂണം വളരുന്ന അവസ്ഥയാണെങ്കിലും ചിലപ്പോഴൊക്കെ അത് തലച്ചോർ ഉൾപ്പെടെയുള്ളവയിലും ആവാം.
ഭ്രൂണത്തിന്റെ ജീനോം സീക്വൻസിംഗ് ഇത് വയസുള്ള കുഞ്ഞിന്റെ ഇരട്ടയാണെന്ന് കണ്ടെത്തിയതായി പഠനം പറയുന്നു. ഇത്തരം കേസുകൾ ലോകത്ത് വളരെ അപൂർവമായി മാത്രമാണ് കാണപ്പെടുക. പത്ത് ലക്ഷം കുട്ടികളിൽ ഒരാൾക്ക് മാത്രമേ ഇത് സംഭവിക്കൂ. 1997-ൽ ഈജിപ്റ്റിലാണ് ആദ്യമായി ഇത്തരം രോഗം കണ്ടെത്തിയത്. ആൺകുട്ടിയുടെ വയറ്റിനുള്ളിൽ 16 വർഷം പഴക്കമുള്ള ഭ്രൂണമാണ് കണ്ടെത്തിയത്. കഴിഞ്ഞ നവംബറിൽ ഝാർഖണ്ഡിൽ റാഞ്ചിയിലെ ഡോക്ടർമാർ 21 ദിവസം പ്രായമായ പെൺകുഞ്ഞിന്റെ വയറ്റിൽ നിന്ന് എട്ട് ഭ്രൂണങ്ങൾ കണ്ടെത്തിയിരുന്നു. മലപ്പുറത്തും അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ശസ്ത്രക്രിയ വഴിയാണ് കുഞ്ഞിന്റെയുള്ളിലെ ഭ്രൂണം നീക്കം ചെയ്തത്.














