മൃഗങ്ങളുടെ പുറത്ത് കയറിയുള്ള സവാരി എന്നത് ഏവർക്കും പ്രിയമുള്ളത് തന്നെയാണ്. അവധി ആഘോഷങ്ങളിലാണ് ഇത് അധികവും കാണുന്നത്. ആളുകൾക്ക് സവാരി ആഘോഷമാണെങ്കിൽ മൃഗങ്ങൾക്ക് അത് അഗ്നിപരീക്ഷയാണ്. മിണ്ടപ്രാണിയായത് കൊണ്ട് ക്രൂരതകളൊല്ലാം സഹിച്ച് നിൽക്കുന്ന ആനയുടെ ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
വിനോദസഞ്ചാരികൾ കുളിർമയേകുന്ന, നൊസ്റ്റാൽജിക് ഫീലുമായി പോകുമ്പോൾ ആനയ്‌ക്ക് ബാക്കിയായത് വളഞ്ഞ നട്ടെല്ലാണ്. തായാലൻഡിലെ വൈൽഡ് ലൈഫ് ഫ്രണ്ട്‌സ് ഫൗണ്ടേഷൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതാണ് ചിത്രം. ഒരുപാട് കാലം ആളുകളെ ചുമന്ന് ആനയുടെ പുറംഭാഗം അകത്തേയ്‌ക്ക് വളഞ്ഞ അവസ്ഥയിലാണ്. പായ് ലിൻ എന്ന 71 വയസുള്ള ആനയുടെ ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. കഴിഞ്ഞ 25 വർഷമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളെ വഹിക്കുന്നുണ്ട് പായ് ലിൻ. ഒരേ സമയം ഏഴ് ആളുകളെ വരെ ആന ചുമലിലേറ്റിയിരുന്നു.
തുടർച്ചയായ സമ്മർദ്ദമാണ് ആനകളുടെ നട്ടെല്ല് വളയാൻ കാരണം. ആനകളുടെ പുറകിലെ കോളങ്ങൾക്കും അസ്ഥികൾക്കും പ്രശ്‌നമുണ്ടാക്കുകയും നട്ടെല്ലിന് മാറ്റാൻ കഴിയാത്ത തകരാറുണ്ടാക്കുകയും ചെയ്യും. ഏഷ്യയിലെ പല തെക്കുകിഴക്കൻ രാജ്യങ്ങളിലെയും പ്രധാന വിനോദമാണ് ആന സവാരി. മുകളിൽ കെട്ടിവെയ്‌ക്കുന്ന കാസ്റ്റ് അയൺ കൊണ്ട് നിർമിച്ച സീറ്റിൽ ആളുകളെ ഇരുത്തി സഞ്ചാരികളെ ചുമക്കുകയാണ് ആനകളുടെ ദൗത്യം. സീറ്റിന്റെ ഭാരവും കയറുന്ന ആളുകളുടെ ഭാരലും മൃഗങ്ങളുടെ പിൻഭാഗത്ത് വലിയ ക്ഷതമാണ് ഉണ്ടാക്കുന്നത്.
Comments