തിരുവനന്തപുരം: മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് സാജൻ സൂര്യ. ഇപ്പോഴും ചെത്ത് പയ്യനായി തിളങ്ങുന്ന സാജൻ സൂര്യയുടെ പേര് സാജൻ എസ് നായർ എന്നായിരുന്നു. എന്നാൽ പേരിന്റെ കൂടെയുള്ള ജാതി വാലുകൾ ഒഴിവാക്കുക എന്ന സെലിബ്രൈറ്റികളുടെ പുതിയ ട്രെൻഡ് വരുന്നതിന് പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ പേരിൽ മാറ്റം വരുത്തിയ വ്യക്തിയാണ് താനെന്ന് സാജൻ സൂര്യ പ്രതികരിച്ചു.
തന്നെ അറിയുന്ന എല്ലാവർക്കും സാജൻ എസ് നായർ എന്ന പേര് അറിയില്ല. ഓഫീസിൽ അടക്കം എന്റെ ഔദ്യോഗികമായ പേര് സാജൻ എസ് നായർ എന്നതാണ്. കഴിഞ്ഞ ഇരുപത് കൊല്ലമായി ആ പേര് ആരും വിളിക്കാറില്ലെന്നും സാജൻ സൂര്യ വ്യക്തമാക്കി. നാടക രംഗത്ത് എത്തിയപ്പോഴാണ് പേരിന് മാറ്റം വരുത്തിയത്. അക്കാലത്ത് നാടത്തിലെ വേഷം ചെയ്യുന്ന നടന്റെ പേര് പറഞ്ഞപ്പോൾ സാജൻ എസ് നായർ എന്ന് പറയുന്നത് ഒരു സുഖമില്ലെന്ന് തോന്നി. നാടകത്തിന്റെ സംവിധായകനും ഗുരുനാഥനുമായ പരമേശ്വരൻ കുരിയാത്തിയാണ് പ്രചോദനമായത്. അദ്ദേഹമാണ് പേര് മാറ്റിയതെന്നും താരം കൂട്ടിച്ചേർത്തു.
പക്ഷെ നായർ സമുദായത്തോടുള്ള അതൃപ്തിയൊന്നും അല്ല പേര് മാറ്റാനുള്ള കാരണമെന്നും സാജൻ സൂര്യ വ്യക്തമാക്കി. തന്റെ സാജൻ എന്ന പേരിനൊപ്പം അമ്മ സൂര്യകലയുടെ സൂര്യയും ചേർത്താണ് സാജൻ സൂര്യ എന്നാക്കിയത്. അങ്ങനെയാണ് 25 വർഷം മുൻപ് പേര് മാറ്റിയതെന്നും താരം വ്യക്തമാക്കി.















