തിരുവനന്തപുരം: കോൺഗ്രസിനെ ബിജെപി പരാജയപ്പെടുത്തുമ്പോൾ ഇടതുപക്ഷത്തിന് വലിയ ദുഃഖമുണ്ടാകാറുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഗുജറാത്തിൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ബിജെപി അധികാരത്തിൽ വന്നപ്പോൾ ദുഃഖിച്ചവരാണ് തങ്ങൾ. മഞ്ചേശ്വരത്തും പാലക്കാട്ടും ബിജെപി പരാജയപ്പെട്ടപ്പോൾ ആശ്വാസം കൊണ്ടവരാണ് ഇടതുപക്ഷം. കോൺഗ്രസിന്റെ വിജയത്തിൽ സിപിഎം സന്തോഷിക്കുന്ന പോലെ സിപിഎമ്മിന്റെ വിജയത്തിൽ കോൺഗ്രസ് സന്തോഷിക്കണമെന്നും മതനിരപേക്ഷ ചേരിയിൽ കോൺഗ്രസ് ഉറച്ചു നിൽക്കണമെന്നും മുഹമ്മദ് റിയാസ് ഫേയ്സ്ബുക്കിൽ കുറിച്ചു. ബിജെപിയെ തോൽപ്പിക്കാൻ കേരളത്തിൽ അവിശുദ്ധ കൂട്ടുക്കെട്ട് വേണമെന്നുള്ള സൂചനയാണ് മന്ത്രിയുടെ വാക്കുകളിലുള്ളത്.
‘ആന്ധ്രാപ്രദേശിലെ അവസാന മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കിരൺ കുമാർ റെഡ്ഢി കഴിഞ്ഞ ദിവസം കോൺഗ്രസ്സിൽ നിന്നും രാജിവെച്ചിരിക്കുകയാണ്. അണ്ടർ-22 സംസ്ഥാന ക്രിക്കറ്റ് ടീമിനെ നയിച്ച വിക്കറ്റ് കീപ്പർ കൂടിയായ കിരൺ റെഡ്ഢി ബിജെപിയിലേക്ക് ചേക്കേറുമെന്നാണ് മാദ്ധ്യമ വാർത്തകൾ. കേരളത്തിലെ സിപിഎമ്മിനെയും ഇടതുപക്ഷ സർക്കാരിനെയും ആക്രമിക്കാൻ ആവോളം സമയം കണ്ടെത്തുന്ന എഐസിസി സംഘടനാ ജനറൽ സെക്രട്ടറിയും അദ്ദേഹത്തിന്റെ ഫാൻസ് അസോസിയേഷനും അതിന്റെ നൂറിലൊരംശമെങ്കിലും ആത്മാർത്ഥത ഈ മുൻ കോൺഗ്രസ് മുഖ്യമന്ത്രി ബിജെപിയിൽ പോകാതെ നോക്കാൻ കാണിക്കണം’.
‘എസ്എം കൃഷ്ണ (കർണാടക), ദിഗംബർ കാമത്ത് (ഗോവ), വിജയ് ബഹുഗുണ(ഉത്തരാഖണ്ഡ്), എൻഡി തിവാരി (ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്), പ്രേമഖണ്ഡു (അരുണാചൽ പ്രദേശ് ), ബിരേൻ സിംഗ് ( മണിപ്പൂർ), ക്യാപ്റ്റൻ അമരീന്ദർ സിംഗ് (പഞ്ചാബ്) എന്നീ മുൻ കോൺഗ്രസ് മുഖ്യമന്ത്രിമാർ രായ്ക്കുരാമാനം ബിജെപിയിലേക്ക് പോയകാര്യം മറന്നിട്ടുപറയുന്നതല്ല ഇക്കാര്യം. ബിജെപി വിരുദ്ധ ചേരി ദുർബലമാവരുത് എന്നതിനാൽ പറയേണ്ടി വരുന്നതാണ്. ഗുജറാത്തിൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ബിജെപി അധികാരത്തിൽ വന്നപ്പോൾ ദുഃഖിച്ചവരാണ് ഞങ്ങൾ. എന്നാൽ 2018-ൽ ത്രിപുരയിൽ ഇടതുപക്ഷത്തിന് അധികാരം നഷ്ടപ്പെട്ട് ബിജെപിയാണ് അധികാരത്തിൽ വന്നതെന്നറിഞ്ഞിട്ടും ഞങ്ങളുടെ തോൽവിയിൽ സന്തോഷം കൊണ്ട് തുള്ളി ചാടുന്നിടത്ത് എത്തി കേരളത്തിലെ പല കോൺഗ്രസുകാരുടെയും രാഷ്ട്രീയ നിലപാട്’.
‘മഞ്ചേശ്വരത്തും പാലക്കാട്ടും ബിജെപി പരാജയപ്പെട്ടപ്പോൾ ആശ്വാസം കൊണ്ടവരാണ് ഇടതുപക്ഷം. എന്നാൽ, നേമത്ത് ഞങ്ങൾ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചപ്പോൾ തുള്ളിച്ചാടാൻ നിങ്ങളിൽ സന്തോഷം കണ്ടില്ല. ഇതാണ് നിങ്ങളും ഞങ്ങളും തമ്മിലുള്ള രാഷ്ട്രീയ നിലപാടുകളിലെ വ്യത്യാസം. കിരൺ കുമാർ റെഡ്ഢിയുടെ ബിജെപി പ്രവേശനം തടയാനും, പറ്റുമെങ്കിൽ മതനിരപേക്ഷ ചേരിയിൽ ഉറച്ചുനിർത്താനുമുള്ള എന്തെങ്കിലും ഇടപെടൽ കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നാണ് റിയാസ് ഫേയ്സ്ബുക്കിൽ കുറിച്ചത്.
Comments