ലോക പ്രേക്ഷകരെ ആകർഷിച്ച് ജോജു ജോർജിന്റെ ‘ഇരട്ട’. നെറ്റ്ഫ്‌ലിക്‌സിൽ റിലീസ് ചെയ്തത് മുതൽ പല വിദേശ രാജ്യങ്ങളിലും ടോപ് 10 ലിസ്റ്റിൽ തുടരുകയാണ് ഇരട്ട. തന്റെ അസാമാന്യ അഭിനയംകൊണ്ട് ആരാധകരെ ഒരിക്കൽ കൂട്ടി ഞെട്ടിച്ചിരിക്കുകയാണ് ഇരട്ടയിലൂടെ ജോജു. ഡബിൾ റോളിലുള്ള ജോജുവിന്റെ അസാമാന്യ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
ഒറ്റിറ്റി റിലീസോടെ ഇരട്ടയുടെ ജനപ്രീതി മലയാളം വിട്ട് ഇന്ത്യയും കടന്ന് വിദേശങ്ങളിൽ എത്തിനിൽക്കുകയാണ്. ശ്രീലങ്കയിലും ബംഗ്ലാദേശിലും ഉൾപ്പടെ പല രാജ്യങ്ങളിലും ടോപ് 10 ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ് ഇരട്ട. ഇന്ത്യയിൽ ഇപ്പോഴും ചിത്രം ടോപ്പ് ടുവിൽ തുടരുകയാണ്. സിംഗപ്പൂരിൽ ടോപ് സേവനും മാലി ദ്വീപിൽ എട്ടാമതും മലേഷ്യയിൽ പത്താമതുമാണ് ചിത്രം. ബോളിവുഡിൽ നിന്നും തെന്നിന്ത്യയിൽ നിന്നുമുള്ള സിനിമാ പ്രവർത്തകർ ജോജുവിനെ അഭിനന്ദനം അറിയിച്ചിരുന്നു. ഇരട്ടയുടെ അന്യഭാഷ റീമേക്കുകളും പല ഭാഷകളിൽ ഇതിനോടകം വിറ്റുപോയിട്ടുണ്ടെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
മലായള സിനിമയിലെ ഒരു വ്യത്യസ്ത ചലച്ചിത്ര അനുഭവം തന്നെ ആണ് പ്രേക്ഷകർക്ക് ഇരട്ട് സമ്മാനിച്ചത്. ഒരു സസ്പെൻസ് ത്രില്ലർ വിഭാഗത്തിലും ഇമോഷണൽ ത്രില്ലർ വിഭാഗത്തിലും ചിത്രം ഉൾപ്പെടുത്താവുന്നതാണ്. ശ്രിന്ദ, അഞ്ജലി, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.















