കാൻസറിനെതിരെയുളള പോരാട്ടത്തെക്കുറിച്ച് സാമൂഹികമാദ്ധ്യമത്തിൽ നിരന്തരം പോസ്റ്റുകൾ പങ്കുവെക്കുന്നയാളാണ് നടി ഛവി മിത്തൽ. എന്നാൽ ഇപ്പോൾ താരം സാമൂഹികമാദ്ധ്യമങ്ങളിൽ പങ്കിട്ടിരിക്കുന്നത് തന്റെ മക്കൾക്കൊപ്പമുള്ള ചിത്രങ്ങളുടെ പേരിൽ നേരിട്ട ട്രോളുകൾക്കുള്ള പ്രതികരണവുമായാണ്. മക്കളെ ചുംബിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചതിനാണ് ഛവിക്കെതിരെ ട്രോളുകൾ ഉയർന്നു വന്നത്. ഒടുവിൽ ഇൻസ്റ്റഗ്രാമിലൂടെ ട്രോളൻമാർക്ക് മറുപടി നൽകുകയിരിക്കുകയാണ് താരം.
മക്കളായ അറീസയെയും അർഹാനെയും ചുംബിക്കുന്ന ചിത്രങ്ങളാണ് ഛവി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കുട്ടികളുടെ ചുണ്ടിൽ ചുംബിച്ചത് ശരിയായില്ല എന്ന് പറഞ്ഞായിരുന്നു കമന്റുകൾ വന്നത്. ഒരമ്മ തന്റെ മക്കളെ സ്‌നേഹിക്കുന്ന രീതിയിൽ ചിലർക്ക് എതിർപ്പുണ്ടാകുന്നു എന്നത് അവിശ്വസനീയമാണ്. മക്കളോടുള്ള സ്‌നേഹത്തിൽ അതിരുകൾ നിശ്ചയിക്കുന്നത് എങ്ങനെയാണെന്ന് തനിക്കറിയില്ല. സ്‌നേഹം പ്രകടിപ്പിക്കുന്നതിൽ ലജ്ജിക്കേണ്ട കാര്യമില്ല എന്നാണ് താൻ മക്കളെ പഠിപ്പിക്കുന്നത്. ആളുകളെ വേദനിപ്പിക്കാതിരിക്കുകയും അവരെ സ്‌നേഹിക്കുകയും ചെയ്യണം എന്നാണ് താൻ മക്കളെ പഠിപ്പിച്ചിട്ടുള്ളതെന്നും ഛവി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ചിത്രങ്ങൾക്ക് കീഴെ തന്നെ പിന്തുണച്ച് കമന്റ് ചെയ്തവർ യഥാർഥത്തിൽ തനിക്ക് മാത്രമല്ല മറിച്ച് മനുഷ്യത്വത്തിനാണ് പിന്തുണ നൽകിയതെന്നും ഛവി കൂട്ടിച്ചേർത്തു.
നിങ്ങളുടെ സ്‌നേഹത്തിന്റെ ഭാഷയിൽ മക്കളെ സ്‌നേഹിക്കൂ, അതാണ് ശരിയായ രീതിയെന്ന് മറ്റൊരു പോസ്റ്റിൽ ഛവി പങ്കുവെച്ചു. തന്റെ കാഴ്‌ച്ചപ്പാടിൽ പുരോഗമനപരമായ പാരന്റിങ് എന്താണ് എന്നതിനെക്കുറിച്ചും ഛവി പോസ്റ്റിൽ പങ്കുവെച്ചു. ശുചിത്വത്തിന്റെ കാര്യം പറഞ്ഞ് താൻ മക്കളെ ചുംബിക്കാതിരിക്കില്ല എന്നും, ആ ലോജിക് വച്ചാണെങ്കിൽ എല്ലാ ചുംബനങ്ങളും വിലക്കപ്പെടേണ്ടതാണ് എന്നും ഛവി പറഞ്ഞു. എല്ലാ മാതാപിതാക്കളെയും പോലെ ഞാനും മക്കളെ തന്റേതായ രീതിയിൽ സ്‌നേഹിക്കും. അതിൽ ചുംബനവും ആലിംഗനവും ഓമനിക്കലുമൊക്കെ ഒരുപാട് ഉണ്ടാകുമെന്നും ഛവി കുറിച്ചു.















