റിലീസ് തീയതി പ്രഖ്യാപിച്ചിട്ടും പൊന്നിയിൻ സെൽവൻ 2 വിതരണത്തിന് എടുക്കാൻ വിതരണക്കാർ തയ്യാറാകുന്നില്ലെന്ന് സൂചന. തെലുങ്ക് പതിപ്പാണ് പ്രതിസന്ധി നേരിടുന്നത്. ആന്ധ്രയിലും, തെലങ്കാനയിലും പൊന്നിയിൻ സെൽവൻ 1 പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ഇത് തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തോട് കാര്യമായ താൽപ്പര്യം കാണിക്കാൻ വിതരണക്കാർ മടിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഏപ്രിൽ 28-നാണ് ചിത്രത്തിന്റെ റിലീസ്.
ചിത്രത്തിന്റെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷനും, മദ്രാസ് ടാക്കീസും വിതരണക്കാരെ കണ്ടെത്താൻ ശ്രമിക്കുകയാണ്. തെലുങ്കിൽ ടിവി പ്രിമീയർ നടത്തിയപ്പോഴും കാര്യമായ പ്രതികരണം ലഭിച്ചില്ല. ഫെബ്രുവരി 26 തെലുങ്ക് ചാനലായ ജെമിനി ടിവിയിൽ പൊന്നിയിൻ സെൽവൻ 1 സംപ്രേക്ഷണം ചെയ്തത്. ടെലിവിഷൻ പ്രീമിയറിന് 2.17 ടിആർപി റേറ്റിംഗ് മാത്രമാണ് ലഭിച്ചത്.
വിജയിച്ച ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങളും അതിലും വലിയ ഹിറ്റായി മാറുന്നതാണ് തെന്നിന്ത്യൻ സിനിമയുടെ സമീപകാല ചരിത്രം. ബാഹുബലിയും കെജിഎഫുമൊക്കെ അതിന് മികച്ച ഉദാഹരണങ്ങളാണ്. പൊന്നിയിൻ സെൽവൻ 2 നെക്കുറിച്ചും അണിയറക്കാർക്കുള്ള പ്രതീക്ഷ അതാണ്.
റിലീസ് ആകുന്നതിന് മുൻപ് തന്നെ ഹിറ്റാകുമെന്ന് ഉറപ്പായ സിനിമയായിരുന്നു പൊന്നിയൻ സെൽവൻ 1. കഴിഞ്ഞ വർഷം തീയറ്ററുകളിൽ എത്തിയ ചിത്രം തമിഴ്‌നാട്ടിൽ നിന്ന് മാത്രം റിലീസിന്റെ ആദ്യ ആഴ്ചയിൽ 125 കോടിയാണ് നേടിയത്.















