അപരിചിതമായ നമ്പറുകളിൽ നിന്ന് കോൾ വരുമ്പോൾ വിളിക്കുന്നത് ആരാണെന്നറിയാൻ മിക്കവരും ആശ്രയിക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് ട്രൂകോളർ. ട്രൂകോളറിന്റെ ആദ്യത്തെ എക്സ്ക്ലൂസീവ് ഓഫീസ് ബെംഗളൂരുവിൽ ആരംഭിച്ചു. സ്വീഡൻ ആസ്ഥാനമായാണ് ഈ ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നത്.
സ്വീഡനിലെ സ്റ്റോക്ക്ഹോമിലെ ആസ്ഥാനത്തിന് പുറത്തുള്ള ട്രൂകോളറിന്റെ ഏറ്റവും വലിയ കാര്യാലയമാണ് ബെംഗളൂരുവിലേത്.
പുതിയ ഓഫീസിന് 30,443 ചതുരശ്ര അടി വിസ്തീർണമുണ്ട്. 250 ജീവനക്കാരെ വരെ ഉൾക്കൊള്ളാൻ കഴിയുന്ന അത്യാധുനിക സൗകര്യങ്ങളൊടെയാണ് ഓഫീസ് ഒരുക്കിയിരിക്കുന്നത്. ഒരു പതിറ്റാണ്ട് മുമ്പ് ഇന്ത്യയിലെത്തിയ ട്രൂകോളറിന് ഇന്ന് 33.8 കോടി പ്രതിമാസ ഉപയോക്താക്കളുണ്ട്. ഇതിൽ 24.6 കോടി ആളുകളും ഇന്ത്യയിൽ നിന്നുള്ളവരാണെന്ന് കമ്പനി പറഞ്ഞു.
ട്രൂകോളറിൽ പുതിയ ഉൽപ്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്താൻ ഇന്ത്യ മികച്ച അവസരങ്ങൾ നൽകിയിട്ടുണ്ട്. ബെംഗളൂരുവിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചതൊടെ ഇന്ത്യയിൽ കമ്പനി കൂടുതൽ നിക്ഷേപം നടത്തുമെന്ന് ട്രൂകോളറിന്റെ സിഇഒയും സഹസ്ഥാപകനുമായ അലൻ മമേദി പറഞ്ഞു.
Comments