തെലുങ്ക് സൂപ്പർ താരങ്ങളിൽ ഒരാളാണ് പവർസ്റ്റാർ എന്ന് വിളിക്കപ്പെടുന്ന പവൺ കല്യാൺ. സിനിമയിൽ മാത്രമല്ല, രാഷ്ട്രീയത്തിലും താരം സജീവമാണ്. നേരത്തെ ചിരഞ്ജീവിയുടെ പ്രജാ രാജ്യം പാർട്ടിയിലായിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്. എന്നാൽ 2014-ൽ ജന സേനാ പാർട്ടി എന്ന പേരിൽ പുതിയ ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് പ്രവർത്തിക്കുകയാണ് താരം. പാർട്ടി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനറാലികൾ സംഘടിപ്പിക്കുന്ന തിരക്കിൽ കൂടിയാണ് അദ്ദേഹം. സിനിമ തിരക്കിനിടയിലും താരം ഇതിനായി സമയം കണ്ടെത്തുന്നു. സൂപ്പർ താരങ്ങളെ നായകന്മാരാക്കിയുള്ള തെലുങ്ക് സിനിമകളെല്ലാം വമ്പൻ ബജറ്റിലാണ് നിർമ്മിക്കപ്പെടുന്നതെന്നതാണ് വാസ്തവം. അതിൽ പകുതിയും നായകന്മാരുടെ പ്രതിഫലമാണെന്നും പറയപ്പെടുന്നു. ഇപ്പോഴിതാ, നിലവിൽ സിനിമയിൽ നിന്നും താൻ വാങ്ങുന്ന പ്രതിഫലം എത്രയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പവൺ കല്യാൺ.
അടുത്തിടെ നടന്ന രാഷ്ട്രീയ റാലിക്കിടെ അണികളെ അഭിവാദ്യം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു സിനിമയിലെ തന്റെ പ്രതിഫലത്തെപ്പറ്റി പവൺ കല്യാൺ തുറന്നു പറഞ്ഞത്. തെലുങ്ക് മാദ്ധ്യമങ്ങളിൽ ഇത് വലിയ വാർത്തയുമായി. പ്രതിദിന കണക്കിലാണ് സിനിമയിൽ താൻ പ്രതിഫലം വാങ്ങുന്നതെന്നാണ് പവൻ കല്യാൺ തുറന്നു പറഞ്ഞിരിക്കുന്നത്. ദിവസേന 2 കോടി വാങ്ങും. രാഷ്ട്രീയ അധികാരം താൻ ലക്ഷ്യമാക്കുന്നത് പണം മുന്നിൽ കണ്ടല്ലെന്ന് വ്യക്തമാക്കാനാണ് സിനിമയിലെ പ്രതിഫലത്തെപ്പറ്റി താരം വെളിപ്പെടുത്തിയിരിക്കുന്നത്.
പണത്തോട് വലിയ ആഗ്രഹമുള്ള ആളല്ല ഞാൻ. അത്തരത്തിലൊരു മനുഷ്യനല്ല. ആവശ്യം വന്നാൽ ഇതുവരെ സമ്പാദിച്ചതൊക്കെ ഞാൻ എഴുതിയും കൊടുത്തേക്കും. ഒരു സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഭയമില്ലാതെ ഞാൻ പറയട്ടെ, ദിവസേന 2 കോടിയാണ് ആ സിനിമയിൽ എന്റെ പ്രതിഫലം. 20 ദിവസം ജോലി ചെയ്താൽ 45 കോടി എനിക്ക് കിട്ടും. എല്ലാ ചിത്രങ്ങൾക്കും ഇത്രതന്നെ ലഭിക്കുമെന്നല്ല ഞാൻ പറയുന്നത്. എന്റെ ശരാശരി പ്രതിഫലം ഇത്രയുമാണ്. നിങ്ങൾ എനിക്ക് നൽകിയ മൂല്യമാണ് അത്- എന്നും പവൺ കല്യാൺ രാളിയിൽ പറഞ്ഞു.
Comments