മലപ്പുറം : കേരളത്തിൽ വീണ്ടും കവര് പൂത്തു. താനൂര്, ഒട്ടുംപുറം അഴിമുഖത്താണ് നീലപ്പരവതാനി വിതച്ച് കവര് പൂത്തത്. അഴിമുഖത്തോട് ചേർന്നുള്ള കളരിപടി പുന്നൂക്കിൽ വാഴതാളത്ത് ഏക്കർ കണക്കിന് സ്ഥലത്താണ് കവര് പൂത്തത്. വിസ്മയ കാഴ്ച കാണുന്നതിനായി വിവധ സ്ഥലങ്ങളിൽ നിന്നും ആയിരക്കണക്കിന് ആളുകളാണ് ഇവിടേയ്‌ക്കെത്തുന്നത്. വാഹനങ്ങളിലും അല്ലാതെയും എത്തുന്ന സന്ദർശകർക്കുവേണ്ടി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി നഗരസഭ അറിയിച്ചു.
എറണാകുളത്തെ കുമ്പളിങ്ങിയിൽ വല്ലപ്പോഴുമൊക്കെ കാണുമായിരുന്ന പ്രതിഭാസമാണ് താനൂരിലും പ്രത്യക്ഷപ്പെട്ടത്. ജലത്തിൽ ലവണാംശം കൂടുന്നതനുസരിച്ച് കവരിന്റെ ജൈവദീപ്തിക്കും തിളക്കമേറും. കവരുള്ള സമയങ്ങളിൽ ജലജീവികളുടെ ചലനങ്ങളുൾപ്പെടെ തിളക്കത്തോടെയാണ് കാണാനാവുക. ഇത്തരത്തിൽ വെള്ളം ഓളം തല്ലുമ്പോഴാണ് നീല പ്രകാശം കാണുവാൻ സാധിക്കുന്നത്. രാത്രിയിൽ ആയിരക്കണക്കിന് മിന്നാമിനുങ്ങുകൾ പറന്നു നടക്കുന്നതിന് സമമാണ് തീരപ്രദേശത്തെ ഈ കാഴ്ചകൾ.
കടലിലെ സൂക്ഷ്മജീവികൾ പുറത്തു വിടുന്ന പ്രകാശ പ്രതിഭാസമായ ബയോലൂമിനസെൻസാണ് നാട്ടിൻപുറങ്ങളിൽ കവര് പൂത്തു എന്നറിയപ്പെടുന്നത്. നൊക്റ്റിലൂക്ക സിന്റിലൻസ് എന്ന സ്വതന്ത്രമായി ജീവിക്കുന്ന ഡൈനോഫ്‌ലജെല്ലേറ്റ് സമുദ്രജീവിയുടെ ജൈവദീപ്തിയാണ് കവര് എന്നറിയപ്പെടുന്നത്. ഇവയുടെ കോശാംഗങ്ങളിൽ നടക്കുന്ന പ്രവർത്തനത്താൽ കോശദ്രവ്യത്തിൽ ജൈവദീപ്തി ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഏതാണ്ട് മിന്നാമിനുങ്ങിലെ ലൂസിഫെറിൻ എന്ന രാസവസ്തു ജൈവദീപ്തി പുറപ്പെടുവിക്കുന്നതും ഇതിനു സമാനമാണെന്ന് വിദഗ്ധർ പറയുന്നത്. ഇണയെയും ഇരകളെയും ആകർഷിക്കാനും ചിലപ്പോഴൊക്കെ ശത്രുക്കളിൽ നിന്ന് രക്ഷ നേടുന്നതിനും ഇത്തരത്തിൽ ജൈവദീപ്തി പുറപ്പെടുവിക്കാറുണ്ട്.
വേനലിൽ വെള്ളം വറ്റി കട്ടി കൂടി ഉപ്പുരസം അധികരിക്കുമ്പോഴാണ് സാധാരണയായി പ്രതിഭാസം ഉണ്ടാവുന്നത്. മഴക്കാലത്ത് ഇത് കാണുവാൻ സാധിക്കാറില്ല. വൈകിട്ട് ഏഴ് മുതൽ പുലർച്ചെ വരെ മാത്രമാണ് ഇതിന്റെ ദൃശ്യഭംഗി ആസ്വദിക്കാനാവുക. പകൽ സമയങ്ങളിൽ സാധാരണ ജലാംശത്തിന്റെ നിറം തന്നെയാണ് ഇവിടെ ദൃശ്യാമാവുന്നത്.
Comments