മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താര ദമ്പതികളാണ് ജയറാമും പാർവ്വതിയും. ഇരുവരെയും പോലെതന്നെ മക്കളായ കാളിദാസനും മാളവികയും ആരാധകർക്ക് പ്രിയങ്കരാണ്. മാളവികയുടെ പിറന്നാളിന് കാളിദാസൻ പങ്കുവെച്ച ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്.
സഹോദരിയെ ട്രോളികൊണ്ടാണ് കാളിദാസൻ കുട്ടിക്കാലത്തെ വീഡിയോപങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ ഇവിടെ പോസ്റ്റ് ചെയ്തതിന് നിനക്കെന്ന കൊല്ലാനുള്ള ആഗ്രഹമുണ്ടെന്നെനിക്കറിയാം എന്ന ആമുഖത്തോടെയാണ് കാളിദാസ് കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. ദൃശ്യങ്ങളിൽ ജയറാമിന്റെ അഭിമുഖം തീരാത്തതില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്ന മാളവികയെയാണ് കാണാൻ കഴിയുന്നത്.
“ഈ വീഡിയോ സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തതിന് എന്നെ കൊല്ലാനുള്ള ആഗ്രഹം നിനക്കുണ്ടെന്നെനിക്കറിയാം. ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന നിന്റെ സ്വാഭാവികമായ ചങ്കൂറ്റം ഞാൻ എപ്പോഴും ഭയപ്പെട്ടിരുന്നുവെന്ന് ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നു. നീ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്തുകൊണ്ട് ലോകം കീഴടക്കണമെന്ന് ആത്മാർത്ഥമായി ഞാൻ ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു! ലോകത്തിലെ ഏറ്റവും നല്ല സഹോദരിയായതിന് നന്ദി, ഈ വീഡിയോ നീ എത്രമാത്രം വെറുക്കുന്നു എന്ന് എനിക്കറിയാം. ഇതുപോലുള്ള നിന്റെ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത് ഇനിയും തുടരും.”-എന്നാണ് കാളിദാസൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
സമൂഹമാദ്ധ്യമങ്ങളിലൂടെ ജയറാമും പാർവതിയും മാളവികയ്‌ക്ക് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്. കൂടാതെ, കാളിദാസിന്റെ കാമുകിയായ തരിണിയും മാളവികയ്‌ക്ക് ആശംസകൾ അറിയിച്ചിരുന്നു.
മാളവിക സിനിമയിൽ സജീവമല്ലെങ്കിലും ‘മായം സെയ്‍തായ് പൂവെ’ എന്ന സംഗീത വീഡിയോയിലൂടെ അഭിനയ ജീവിത്തിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. അശോക് ശെല്‍വന്റെ നായികയായിട്ടാണ് വീഡിയോയില്‍ മാളവിക അഭിനയിച്ചിരിക്കുന്നത്. പ്രണവ് ഗിരിധരനാണ് ‘മായം സെയ്‍തായ് പൂവെ’ പാട്ടിന്റെ സംഗീത സംവിധായകൻ.















