പുതിയ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് സ്വർണ നാണയം സമ്മാനമായി നൽകി കീർത്തി സുരേഷ്. നടിയുടെ പുതിയ തെലുങ്ക് ചിത്രമായ ദസറ ടീമിലെ 130 അംഗങ്ങൾക്കുമാണ് 10 ഗ്രാം വീതമുള്ള സ്വർണനാണയം കീർത്തി സമ്മാനമായി നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള വാർത്തകൾ താരത്തിന്റെ ഫാൻസ് പേജിലൂടെയാണ് പുറത്ത് വിട്ടത്.
തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പെർഫോമൻസ് കാഴ്ചവെക്കാൻ സഹായിച്ച ക്രൂവിന് ഓർമിക്കാൻ തക്കതായ രീതിയിൽ എന്തെങ്കിലും നൽകണമെന്ന് കീർത്തി ആഗ്രഹിച്ചിരുന്നു. ഇതിനെ തുടർന്നാണ് ദസറയുടെ പാക്കപ്പ് ദിവസം താരം യൂണിറ്റ് അംഗങ്ങൾക്ക് സമ്മാനം നൽകിയത്. ഓരോ സ്വർണ നാണയത്തിനും ഏകദേശം 50,000 മുതൽ 55,000 രൂപ വരെ വില വരുമെന്നാണ് കണക്ക്. സമ്മാനത്തിനായി 75 ലക്ഷം രൂപയോളം താരം ചെലവഴിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇതിന് മുമ്പ് തമിഴ് ചിത്രമായ സണ്ടകോഴി 2-വിന്റെ അവസാന ദിവസവും അണിയറപ്രവർത്തകർക്ക് രണ്ട് ഗ്രാം വരുന്ന സ്വർണനാണയങ്ങൾ നടി സമ്മാനമായി നൽകിയിരുന്നു. നാനി നായകനാകുന്ന ‘ദസറ’യാണ് കീർത്തിയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.
Comments