മലയാളികൾക്ക് ഒരുപാട് പ്രിയപ്പെട്ട നടനായിരുന്നു ജിഷ്ണു രാഘവൻ. ക്യാൻസർ രോഗം ജിഷ്ണുവിനെ കവർന്നെടുത്തപ്പോൾ അത് മലയാള സിനിമയേയും കേരളക്കരയേയും ഒന്നടങ്കം ദുഃഖത്തിലാഴ്‌ത്തുകയായിരുന്നു. ആരാധകർക്ക് ഇനിയും സമ്മാനിക്കാൻ ഒരായിരം കഥാപാത്രങ്ങളെ ബാക്കി വെച്ചായിരുന്നു താരം യാത്ര പറഞ്ഞത്. 2016 മാർച്ച് ഇരുപത്തി അഞ്ചിനായിരുന്നു ജിഷ്ണു ഈ ലോകത്തോട് വിടപറഞ്ഞത്.
വീണ്ടും ഒരു മാർച്ച് 25 ആകുമ്പോൾ ജിഷ്ണു നമ്മെ വിട്ടുപിരിഞ്ഞിട്ട് ഏഴ് വർഷം തികയുന്നു. ഈ അവസരത്തിൽ നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാകുകാണ്. നമ്മൾ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രമാണ് സിദ്ധാർത്ഥ് ഭരതൻ പങ്കുവെച്ചത്. ഈ ദിനത്തിൽ മാത്രമല്ല പ്രിയപ്പെട്ട ജിഷ്ണുവിനെ ഓർമ്മിക്കുന്നത്. നീണ്ട ഏഴ് വർഷത്തെ വേർപാട്. എന്നാണ് സിദ്ധാർത്ഥ് ഫേസ്ബുക്കിൽ കുറിച്ചത്.
സിദ്ധാർത്ഥ് ഭരതന്റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് ജിഷ്ണുവിന് അനുസ്മരണം അറിയിച്ച് കമന്റിട്ടത്. നമ്മൾ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാർത്ഥ് ഭരതനവും ജിഷ്ണുവും ഒരുമിച്ച് വെള്ളിത്തിരയിൽ എത്തിയത്. പിന്നീട് സിദ്ധാർത്ഥ് ഭരതൻ സംവിധായകനായ ‘നിദ്ര’യ്‌ക്കുവേണ്ടിയും ഇരുവരും ഒരുമിച്ചിരുന്നു. കിളിപ്പാട്ട് എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു ജിഷ്ണു അഭിനയ രംഗത്ത് എത്തിയത്. റബേക്കാ ഉതുപ്പ് കിഴക്കേമലയായിരുന്നു ജിഷ്ണു അവസാനം അഭിനയിച്ച ചിത്രം. ട്രാഫിക്ക് എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിലും ജിഷ്ണു അഭിനയിച്ചു.















